വഖഫ് നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു…ഇനി മുതൽ പുതിയ നിയമം, പുതിയ പേരും..

വഖഫ് നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു. പാർലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കിയതിന് പിന്നാലെ രാഷ്ട്രപതിയുടെ അം​ഗീകാരത്തിനായി സമർപ്പിച്ചിരുന്നു. അടുത്ത ആഴ്ച്ചയോടെ മാത്രമേ രാഷ്ട്രപതി ബില്ലിൽ ഒപ്പുവെക്കൂ എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ, ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കാലതാമസം വരുത്താതെ രാഷ്ട്രപതി അം​ഗീകാരം നൽകുകയായിരുന്നു.

രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനുപിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ്‌ നിയമത്തിന്റെ പേര്.

1995ലെ വഖഫ് നിയമത്തിലാണ് കേന്ദസ്രർക്കാർ ഭേദഗതി വരുത്തിയത്. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. പ്രതിപക്ഷത്തിന്റെയും മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിർപ്പ് ഉയർന്നെങ്കിലും ആദ്യം ലോക്സഭയിലും പിന്നീട് രാജ്യസഭയിലും ബില്ല് പാസാകുകയായിരുന്നു. പാർലമെന്റിന്റെ ഇരു സഭകളിലും ബില്ല് പാസായതിന് പിന്നാലെ ബില്ലിൽ ഒപ്പിടരുത് എന്നാവശ്യപ്പെട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് ഉൾപ്പെടെയുള്ളവർ രാഷ്ട്രപതിയെ സമീപിച്ചിരുന്നു.

ബില്ല് മുസ്സീം സമുദായത്തോടുള്ള വിവേചനമാണെന്നും ബില്ലിൽ ഒപ്പിടരുതെന്നും ആവശ്യപ്പെട്ട് മുസ്ലീം വ്യക്തി നിയമബോർഡിന് പിന്നാലെ ലിഗ് എംപിമാരും രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഭരണഘടന തത്വങ്ങളുമായി ബില്ല് പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അതെസമയം ബില്ലിനെതിരെ കുടൂതൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിക്കുകയാണ്. കോൺഗ്രസിന് പിന്നാലെ എ ഐ എം ഐ എം,എഎപി പാർട്ടികൾ ബില്ലിനെതിരെ ഹർജി നൽകി‌യിട്ടുണ്ട്.

അതേസമയം, ബിൽ പാസാക്കിയതിൻറെ രാഷ്ട്രീയ നേട്ടം കൊയ്യാൻ കേരളത്തിലടക്കം പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ് ബിജെപി. കേന്ദ്രമന്ത്രി കിരൺ റിജ്ജു നേരിട്ട് പങ്കെടുക്കുന്ന അഭിനന്ദൻ സഭയാണ് ഈ മാസം ഒമ്പതിന് മുനമ്പത്ത് സംഘടിപ്പിക്കുന്നത്. എൻഡിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെ സാന്നിധ്യത്തിൽ മുനമ്പത്ത് പ്രതിസന്ധി നേരിടുന്ന അൻപത് പേർ ബിജെപി അംഗത്വമെടുത്തിരുന്നു.

Related Articles

Back to top button