അങ്കത്തട്ടൊരുങ്ങി… യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി… കോൺഗ്രസ് 95… ലീഗ് 27….

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 95 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. മുസ്‌ലിം ലീഗ് 27 സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം 8 സീറ്റുകളിലും മത്സരിക്കും. ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു പ്രാവശ്യത്തേക്ക് കോണ്‍ഗ്രസിന് വിട്ടുനല്‍കിയിട്ടുണ്ടെന്നും തൃക്കരിപ്പൂര്‍ സീറ്റ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടുമായി വെച്ചുമാറിയെന്നും വി ഡി സതീശന്‍ അറിയിച്ചു. പയ്യന്നൂരില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നും വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോടായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം.

‘യുഡിഎഫിന്റെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. 95 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 27 സീറ്റുകളില്‍ മുസ്‌ലിം ലീഗ് മത്സരിക്കും. 8 സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും. ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു പ്രാവശ്യത്തേക്ക് കോണ്‍ഗ്രസിന് വിട്ടുതന്നിട്ടുണ്ട്. തൃക്കരിപ്പൂരും കാഞ്ഞങ്ങാടും കോണ്‍ഗ്രസ് വെച്ചുമാറും. ആര്‍എസ്പി കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളും ഇപ്രാവശ്യവും അവര്‍ തന്നെയാണ് മത്സരിക്കുക. അതില്‍ അഞ്ചാമത്തെ സീറ്റായ മട്ടന്നൂര്‍ ഇപ്രാവശ്യം കോണ്‍ഗ്രസിന് അവര്‍ വിട്ടുതന്നിട്ടുണ്ട്. പകരം അവര്‍ക്ക് കൊടുത്തത് പയ്യന്നൂരാണ്.

പ്രത്യേക സാഹചര്യത്തില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന് പിന്തുണ കൊടുക്കുകയാണ്. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിന് പിറവവും സിഎംപിയ്ക്ക് തിരുവനന്തപുരവും കെഡിപിയ്ക്ക് പാലയും വിട്ടുകൊടുക്കാന്‍ തീരുമാനമായി. ആര്‍എംപിയ്ക്ക് വടകരയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി വി അന്‍വറിന് ബേപ്പൂരും കൊടുക്കാന്‍ തീരുമാനമായി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. 40 സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെയും ഇന്ന് തീരുമാനിക്കും’ വി ഡി സതീശന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്. കെ സുധാകരനും അടൂര്‍ പ്രകാശുമുള്‍പ്പെടെ മത്സരിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാരുടെ പേരും ആദ്യഘട്ട പട്ടികയിലില്ല.

ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. തൃത്താലയില്‍ വി ടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി.

Related Articles

Back to top button