ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി ഗർഭിണിയായ യുവതി.. ജനിച്ചത് ഇരട്ട കുട്ടികൾ…
ആംബുലൻസിൽ ഇരട്ടക്കുട്ടികളിൽ ഒന്നിന് ജന്മം നൽകി ഗർഭിണിയായ യുവതി. ആശുപത്രിയിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. ഒരു കുഞ്ഞ് പിറന്നതോടെ ആരോഗ്യസ്ഥിതി മോശമായ അമ്മയെ അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചതോടെയാണ് രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകിയത്. പത്തനാപുരം മഞ്ചള്ളൂരിൽ വാടകയ്ക്കു താമസിക്കുന്ന 33-കാരിയാണ് ഇരട്ട ആൺകുട്ടികൾക്ക് ജന്മം നൽകിയത്.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽനിന്ന് സന്ദേശം പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് ഡ്രൈവർ സിജോ രാജ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിത ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി യുവതിയുമായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
പിറവന്തൂരിൽ എത്തിയപ്പോൾ യുവതിയുടെ ആരോഗ്യനില വഷളാകുകയും പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തതോടെയാണ് ആംബുലൻസിൽതന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയത്. തുടർന്ന് യുവതി ആംബുലൻസിൽ ആദ്യകുഞ്ഞിനു ജന്മം നൽകി.
നിത പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി ഇരുവർക്കും പ്രഥമശുശ്രൂഷ നൽകി. തുടർന്ന് സിജോ രാജ് ആംബുലൻസുമായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രി ലേബർ റൂമിൽവെച്ചാണ് യുവതി രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകിയത്. അമ്മയെയും കുഞ്ഞുങ്ങളെയും വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. മൂവരും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.