സ്ത്രീധന പീഡനം, ഗർഭിണിയെ തല്ലിക്കൊന്നു; ആരുമറിയാതെ സംസ്‌കരിച്ചു

സ്ത്രീധന പീഡനത്തിന് ഇരയായി ഗർഭിണി കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ മെയ്ൻപുരി ജില്ലയിലെ ഗോപാൽപൂർ ഗ്രാമത്തിലാണ് സംഭവം. 21 വയസ്സുകാരി രജനി കുമാരിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.

രംഗ്പൂർ സ്വദേശിയായ രജനി കുമാരിയെ വർഷം ഏപ്രിലിലാണ് ഗോപാൽപൂർ സ്വദേശി സച്ചിനെ വിവാഹം ചെയ്തത്. പിന്നാലെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ബന്ധുക്കൾ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സച്ചിന്റെ സഹോദരന്മാരായ പ്രാൻഷു, സഹ്ബാഗ്, ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടിന എന്നിവർ ചേർന്ന് 5 ലക്ഷം രൂപ കൂടി സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. ഒരു ടെന്റ് ഹൗസ് തുടങ്ങാൻ പണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

വെള്ളിയാഴ്ച യുവതിയെ ബന്ധുക്കൾ ചേർന്ന് ആക്രമിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം. ആക്രമണത്തിന് ഇരയായി യുവതി പിന്നാലെ മരിക്കുകയായിരുന്നു. തെളിവുകൾ നശിപ്പിക്കാൻ യുവതിയുടെ മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ചെന്നുമാണ് ആരോപണം. രജനിയുടെ മാതാവ് സുനിതാ ദേവി ഒഞ്ച പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് (റൂറൽ) രാഹുൽ മിതാസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എഎസ്പി പറഞ്ഞു.

Related Articles

Back to top button