“പ്രശാന്ത് എനിക്ക് മകനെപ്പോലെ”…. പിണക്കം മാറ്റാൻ ശോഭ…. പാലക്കാട് ബിജെപിയിൽ പോര് മുറുകുന്നു?…

പാലക്കാട്: ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ പാലക്കാട് പ്രചാരണം തുടങ്ങി ശോഭ സുരേന്ദ്രൻ. മണ്ഡലത്തിൽ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തും പാർട്ടി നേതാക്കളെ കണ്ടും ശോഭ സജീവമായി. അതേസമയം ശോഭയുടെ പരിപാടിയിൽ നിന്ന് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ തുടക്കത്തിൽ വിട്ടു നിന്നത് കല്ലുകടിയായി. പിന്നീട് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി കൃഷ്ണകുമാർ പ്രശാന്തിനെ വിളിച്ചു വരുത്തുകയായിരുന്നു.

പാലക്കാട് ബിജെപിയുടെ ശക്തി കേന്ദ്രമായ മൂത്താൻ തറയിലെ കർണ്ണകിയമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ശോഭ സുരേന്ദ്രൻ തുടങ്ങിയത്. ക്ഷേത്രത്തിന് തൊട്ടടുത്താണ് താമസമെങ്കിലും ബിജെപി ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ്റെ അസാനിധ്യം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചുവരെഴുത്ത് ഉദ്ഘാടനത്തിനും പ്രശാന്ത് എത്തില്ലെന്ന അഭ്യൂഹം പരന്നു.

ചുവരെഴുത്തിനായി ശോഭയും മുതിർന്ന നേതാക്കളും എത്തിയിട്ടും പ്രശാന്ത് വന്നില്ല. പിണങ്ങി നിന്ന പ്രശാന്തിനെ പിന്നീട് നേതാക്കൾ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ശോഭ മാധ്യമങ്ങളെ കാണുമ്പോഴും പ്രശാന്ത് മാറി നിന്നു. എന്നാൽ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ജില്ല അധ്യക്ഷൻ മകനെ പോലെയാണ്. പ്രശാന്താണ് സ്ഥാനാർത്ഥിയെങ്കിൽ പ്രശാന്തിനെ രണ്ട് ഷാൾ ഇട്ട് സ്വീകരിക്കുമെന്നും ഞങ്ങൾക്കിടയിൽ ഒരു ഭിന്നതയുമില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button