ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട പ്രജ്ജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമനം…. ദിവസ വേതനം എത്രയെന്നോ….
ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ജെഡിഎസ് നേതാവും മുൻ എംപിയുമായ പ്രജ്ജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമനം. 522 രൂപ ദിവസക്കൂലിയിലാണ് ജോലിക്ക് നിയമിച്ചത്. ജയിലിൽ തടവിൽ കഴിയുന്ന പ്രതികൾ എന്തെങ്കിലും ജോലി ചെയ്യണമെന്ന ജയിൽ ചട്ടങ്ങളുടെ ഭാഗമായാണ് നിയമനം നൽകിയത്. ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസവും മാസം കുറഞ്ഞത് 12 ദിവസവും ഇദ്ദേഹം ജോലി ചെയ്യണം. ലൈബ്രറിയിൽ നിന്ന് തടവുകാർ കൊണ്ടുപോകുന്ന പുസ്തകങ്ങളുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തി വെക്കുക. തിരികെ ലഭിക്കുന്നവയുടെ വിവരം അടയാളപ്പെടുത്തുക എന്നിങ്ങനെയാണ് പ്രജ്ജ്വൽ രേവണ്ണയുടെ ജോലി. ഇതിനോടകം ഇദ്ദേഹം ജോലി ചെയ്ത് തുടങ്ങിയെന്നാണ് ജയിലിൽ നിന്ന് പുറത്തുവരുന്ന വിവരം.
47കാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിനും 11 ലക്ഷം രൂപ പിഴയൊടുക്കാനുമാണ് പ്രജ്ജ്വൽ രേവണ്ണയെ ശിക്ഷിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രജ്വല്‍ രേവണ്ണ ചിത്രീകരിച്ച അശ്ലീല വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പ്രചരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരായ ലൈംഗികാതിക്രമ കേസുകൾ പുറത്തുവന്നത്. ബിജെപി സഖ്യത്തിൽ ജെഡിഎസ് സ്ഥാനാർത്ഥിയായി ഹാസൻ മണ്ഡലത്തിൽ പ്രജ്ജ്വൽ രേവണ്ണ മത്സരിച്ചിരുന്നു.