ഒടുവിൽ പുറത്തേക്ക്…..പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി…..

തലശ്ശേരി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ദിവ്യ.

അതേ സമയം, ദിവ്യക്കെതിരെ പാർട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചത്. കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയിരുന്നു. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.

യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി.പി. ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button