പാക് പ്രകോപനത്തിന് സാധ്യത…രാജ്യം അതീവ ജാഗ്രതയിൽ, മുംബൈയിലും ഡൽഹിയിലും സുരക്ഷ ശക്തം

ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. രാജ്യത്തെ പ്രധാന നഗരങ്ങളിലും തന്ത്രപ്രധാന മേഖലകളിലും സുരക്ഷ കർശനമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

മുംബൈ, ഡൽഹി, ജമ്മു കശ്മീർ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനാണ് നിർദേശം. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ജനത്തിരക്കേറിയ വിപണികൾ എന്നിവിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചു. മുംബൈയിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (ATS) വ്യാപക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ കുർള, ഗോവണ്ടി മേഖലകളിൽ എടിഎസ് ഒരേസമയം റെയ്ഡ് നടത്തി.

അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങളും ബലൂചിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളും പാകിസ്താനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഈ വിഷയങ്ങളിൽ നിന്നും ലോകശ്രദ്ധ തിരിക്കാൻ അതിർത്തിയിൽ ഇന്ത്യയ്‌ക്കെതിരെ പ്രകോപനം സൃഷ്ടിക്കാൻ പാകിസ്താൻ മുതിർന്നേക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഡ്രോണുകൾ വഴിയുള്ള കടന്നുകയറ്റത്തിനും ആയുധങ്ങൾ എത്തിക്കാനുമുള്ള നീക്കങ്ങൾക്കെതിരെ ബിഎസ്എഫും ജാഗ്രത പാലിക്കുന്നുണ്ട്.

Related Articles

Back to top button