നായകൾ ഓടിച്ചു, മുള്ളൻപന്നി ഓടിക്കയറിയത് എൻജിനിയറിംഗ് കോളേജിൽ, രക്ഷാപ്രവർത്തനത്തിനിടെ നാലാം നിലയിൽ നിന്ന് ചാടിയതോടെ

നായ ഓടിച്ചതോടെ മുള്ളൻപന്നി ഓടിക്കയറിയത് എൻജിനിയറിംഗ് കോളേജിലേക്ക്. രക്ഷാപ്രവർത്തനത്തിനിടെ നാലാം നിലയിൽ നിന്ന് ചാടിയ മുള്ളൻപന്നി ചത്തു. കർണാടകയിലെ പുട്ടൂറിലാണ് സംഭവം. ശനിയാഴ്ചയാണ് സംഭവം നടന്നത്. പുട്ടൂറിലെ നെഹ്റു നഗറിലെ വിവേകാനന്ദ എഞ്ചിനീയറിംഗ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണാണ് മുള്ളൻപന്നി ചത്തത്. കോളേജിൽ ജില്ലാതല തൊഴിൽ മേളയുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു സംഭവം
നായകൾ ഓടിച്ചതോടെയാണ് മുള്ളൻപന്നി ക്യാംപസിലേക്ക് എത്തിയതെന്നാണ് വിലയിരുത്തൽ. എവിടെനിന്നോ ഓടിവന്ന മുള്ളൻപന്നി കോളേജ് കോമ്പൗണ്ടിലേക്ക് കയറുകയായിരുന്നു. കുറച്ച് സമയത്തിനുള്ളിൽ തന്നെ മുള്ളൻപന്നി കോളേജ് കെട്ടിടത്തിനുള്ളിൽ കയറി പടികൾ വഴി മൂന്നാം നിലയിലെത്തി. പടികളിൽ പേടിച്ച് ഒതുങ്ങിക്കൂടിയിരുന്ന മുള്ളൻപന്നിയെ കണ്ട ആളുകൾ വനംവകുപ്പിനെ വിവരമറിയിച്ചു.വിവരമറിഞ്ഞ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഉല്ലാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മുള്ളൻപന്നിയെ രക്ഷിക്കാൻ ശ്രമം തുടങ്ങി. എന്നാൽ ആളുകളെ കണ്ട് കൂടുതൽ ഭയന്ന മുള്ളൻപന്നി വീണ്ടും പടികൾ കയറി നാലാം നിലയിലെത്തുകയും അവിടെയുണ്ടായിരുന്ന ജനലിലൂടെ താഴേക്ക് ചാടുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തൽക്ഷണം മുള്ളൻപന്നി ചത്തതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിയമപ്രകാരം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം അന്തിമ സംസ്കാരം നടത്തിയതായി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കിരൺ അറിയിച്ചു



