പാർത്ഥസാരഥി ക്ഷേത്രത്തിലെ അത്തപ്പൂക്കള വിവാദം.. സ്ഥലം സന്ദർശിച്ച സുരേഷ് ഗോപി പൂക്കളത്തിനുള്ളിൽ..
മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ അത്തപ്പൂക്കളം വിവാദമായ സ്ഥലം സന്ദർശിച്ച് സുരേഷ് ഗോപി. ഇന്ന് വൈകുന്നേരമാണ് പ്രവർത്തകർക്കൊപ്പം സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. കേസിൽ ഉൾപ്പെട്ടവർക്ക് ക്ഷേത്രത്തിന് മുന്നിലുള്ള പൂക്കളത്തിനുള്ളിൽ സിന്ദൂരം വിതറിക്കൊണ്ട് സുരേഷ് ഗോപി പിന്തുണ അറിയിച്ചു. ആർഎസ്എസുകാരും അനുഭാവികളുമായ 27 പേർക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ സന്ദർശനം.
ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പൂക്കളം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട ക്ഷേത്ര ഭരണസമിതിയുടെയും പൊലീസിൻ്റെയും നടപടി രാജ്യവിരുദ്ധമെന്നാണ് ബിജെപി ആരോപിക്കുന്നത്. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ടീയ പാർട്ടിയുടെ ചിഹ്നമുള്ള (ആർഎസ്എസ് പതാക) പൂക്കളമിട്ടെന്നാണ് കേസ്. ശിവജിയുടെ ചിത്രമുള്ള ബോർഡ് വെച്ചെന്നും എഫ്ഐആറിൽ പറയുന്നു. ക്ഷേത്രഭാരവാഹികളുടെ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തത്. പൂക്കളത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നാണ് ബിജെപിയുടെ മറുപടി. എന്നാൽ ഓപ്പറേഷൻ സിന്ദൂറിനെ ബഹുമാനിക്കുന്നുണ്ടെന്നും ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാർട്ടിയുടെ കൊടിയും ചിത്രവും ഉപയോഗിച്ചതിനെയാണ് എതിർത്തതെന്ന് ഭരണ സമിതിയും വ്യക്തമാക്കുന്നു.