മെമ്മറി കാർഡ് കുക്കു പരമേശ്വരന്റെയും ഇടവേള ബാബുവിന്റെയും കയ്യിൽ; ​ഗുരുതര ആരോപണവുമായി നടി പൊന്നമ്മ ബാബു

നടിമാരുടെ വെളിപ്പെടുത്തലുകളടങ്ങിയ മെമ്മറി കാർഡ് എവിടെയെന്ന ചോദ്യമുയർത്തി നടി പൊന്നമ്മ ബാബു. നടി കുക്കു പരമേശ്വരൻ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ഹേമ കമ്മിറ്റിയിലില്ലെന്നും പൊന്നമ്മ ബാബു പറഞ്ഞു. ഹേമാ കമ്മിറ്റി രൂപീകരണത്തിന് മുമ്പ് താരസംഘടനയായ അമ്മയിലെ സ്ത്രീകൾ തങ്ങളുടെ ദുരനുഭവങ്ങൾ തുറന്നു പറയുകയും അവ രണ്ട് ക്യാമറകൾ വെച്ച് ചിത്രീകരിക്കുകയും ചെയ്തിരുന്നു എന്നാണ് പൊന്നമ്മ ബാബുവിന്റെ വെളിപ്പെടുത്തൽ. ഈ ദൃശ്യങ്ങൾ നടി കുക്കു പരമേശ്വരന്റെയും ഇടവേള ബാബുവിന്റെയും കയ്യിലാണെന്നും പൊന്നമ്മ ബാബു പറയുന്നു.

ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുമ്പ് അമ്മയിൽ അം​ഗങ്ങളായ നടിമാർ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ ക്യാമറക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു എന്നാണ് പൊന്നമ്മ ബാബു വ്യക്തമാക്കുന്നത്. നടിമാർ വെളിപ്പെടുത്തലുകൾ നടത്തിയപ്പോൾ രണ്ട് ക്യാമറ ഓൺചെയ്തു വെച്ചിട്ടുണ്ടായിരുന്നു. വീഡിയോ ചിത്രീകരിച്ച് പോയ കുക്കു പരമേശ്വരൻ ആ മെമ്മറി കാർഡ് ഇടവേള ബാബുവിനെ ഏൽപിച്ചു എന്നാണ് പറഞ്ഞതെന്നും പൊന്നമ്മ ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഹാർഡ് ഡിസ്‌ക്ക് ആരുടെ കൈയിലാണെന്നോ അതെവിടെയാണെന്നോ ഒന്നും അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

രണ്ട് ക്യാമറ ഓൺചെയ്തുവെച്ചിട്ടുണ്ടായിരുന്നു. വിഷമങ്ങളോ ബുദ്ധിമുട്ടുകളോ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ പറയൂ എന്നും അത് വേണ്ടപ്പെട്ടവരെ അറിയിച്ച് നിങ്ങൾക്ക് നീതി വാങ്ങിത്തരും എന്നും അവരോട് പറഞ്ഞു. അപ്പോൾ പാവങ്ങളായ അവർ അവരുടെതായ ഒരുപാട് വിഷമങ്ങൾ പറഞ്ഞു. അതെല്ലാം ഷൂട്ട് ചെയ്ത സമയത്ത് എന്തിനാണ് അതെല്ലാം ഷൂട്ട് ചെയ്യുന്നതെന്ന് ഉഷയും പ്രിയങ്കയും ചോദിച്ചു. നിങ്ങൾക്കിങ്ങനെ ഉണ്ടായവിവരം അവരെ അറിയിക്കണമല്ലോ അതുകൊണ്ടാണ് ഷൂട്ട് ചെയ്തതെന്നാണ് അവർ മറുപടി പറഞ്ഞത്. അവർ വീഡിയോ ഷൂട്ട്‌ചെയ്ത് പോയി. പലപ്പോഴും കുക്കുവിനോട് ചോദിച്ചപ്പോൾ അത് സേഫായി കൈയിലുണ്ട് എന്ന് പറഞ്ഞു. ഇടവേള ബാബുവിനെ ഏൽപിച്ചു എന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് ഇതേപ്പറ്റി ഒന്നും പറഞ്ഞില്ല, പൊന്നമ്മ ബാബു പറഞ്ഞു.

അമ്മയുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുക്കു പരമേശ്വരന് യോഗ്യതയില്ലെന്ന് പറഞ്ഞ് പൊന്നമ്മാബാബു രംഗത്തെത്തിയിരുന്നു. അംഗങ്ങളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ ഷൂട്ട് ചെയ്ത വീഡിയോ കുക്കു പരമേശ്വരൻ ദുരുപയോഗപ്പെടുത്തുമെന്ന കാരണമാണ് പ്രധാനമായും പൊന്നമ്മാ ബാബു ഉന്നയിച്ചിരുന്നത്.

Related Articles

Back to top button