പി. സരിൻ വോട്ടു ചെയ്യാനെത്തി.. ബൂത്തിലെ വിവിപാറ്റ് മെഷീൻ തകരാർ…
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീൻ തകരാറിലായി. ട്രൂലൈൻ സ്കൂളിലെ 88-ാം ബൂത്തിലെ വിവിപാറ്റ് മെഷീനിലാണ് തകരാർ കണ്ടെത്തിയത്. മെഷീന്റെ ബാറ്ററി മാറ്റിയതായാണ് സൂചന.ഇടത് സ്വതന്ത്രൻ പി. സരിനും ഭാര്യയും വോട്ട് ചെയ്യാൻ എത്തിയ ബൂത്തിലാണ് തകരാർ കണ്ടെത്തിയത്. സാങ്കേതിക വിദഗ്ധർ എത്തി മെഷീൻ പരിശോധിച്ച് തകരാർ പരിഹരിച്ചു. 88-ാം ബൂത്തിൽ വോട്ടർമാരുടെ വലിയ നിരയാണ് ദൃശ്യമായത്. ഒരു മാസത്തിലധികം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷമാണ് പാലക്കാട് ഇന്ന് വിധിയെഴുതുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സി. കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.