കന്യാസ്ത്രീകളുടെ മോചനം.. ‘ക്രെഡിറ്റില്‍’ തര്‍ക്കം.. അവകാശവാദങ്ങളുമായി നേതാക്കൾ….

മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയതര്‍ക്കം. കന്യാസ്ത്രീകളുടെ മോചനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ജയില്‍ മോചിതരായി പുറത്തിറങ്ങുന്ന കന്യാസ്ത്രീകളെ സ്വീകരിക്കാന്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളുടെ നീണ്ട നിര തന്നെ ജയിലിന് പുറത്ത് എത്തിയിരുന്നു.

ജയില്‍ മോചിതരായ കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ കാറിലായിരുന്നു സമീപത്തെ കോണ്‍വെന്റിലേക്ക് മടങ്ങിയത്. ഇതിന് ശേഷം നടത്തിയ പ്രതികരണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ആണ് ചർച്ചകൾക്ക് തുടക്കമിട്ടത്. രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കില്‍ ജയില്‍ മോചനം നേരത്തെ നടക്കുമായിരുന്നു എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം. കന്യാസ്ത്രീകള്‍ മോചിതരായതില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നന്ദി പറയുന്നു. സഭ സഹായിക്കണമെന്നു പറഞ്ഞപ്പോഴാണ് ഇടപെട്ടത്. ഞാന്‍ ക്രെഡിറ്റ് എടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ, കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ പ്രതികരണവുമായി രംഗത്തെത്തി. രാജീവ് ചന്ദ്രശേഖറിന് സാമാന്യ തൊലിക്കട്ടിയാണെന്ന് ഛത്തീസ്ഗഢില്‍ എത്തിയിരുന്ന ഇടതുപക്ഷ എംപിമാരായ ജോണ്‍ ബ്രിട്ടാസ്, സന്തോഷ് കുമാര്‍, ജോസ് കെ മാണി എന്നിവര്‍ പ്രതികരിച്ചു. രാജീവ് ചന്ദ്രേശഖര്‍ വൃത്തികെട്ട നാടകം കളിക്കരുത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യനും സുരേഷ് ഗോപിക്കും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി.

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള നിയമപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എംഎല്‍എമാരായ റോജി എം. ജോണിനും സജീവ് ജോസഫിനും നന്ദി പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവ് വിഷയത്തില്‍ പ്രതികരിച്ചത്. എംഎല്‍എമാര്‍ ഛത്തീസ്ഗഢില്‍ ക്യാംപ് ചെയ്താണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. എഫ്‌ഐആര്‍ റദ്ദാക്കുന്നത് വരെയുള്ള നിയമപരമായ എല്ലാ പോരാട്ടങ്ങള്‍ക്കും കോണ്‍ഗ്രസ് പിന്തുണ നല്‍കും . അരമനകളില്‍ കേക്കുമായി എത്തിയവരുടെ മനസിലിരുപ്പ് എന്തായിരുന്നെന്ന് ഇപ്പോള്‍ കേരളത്തിലെ എല്ലാവര്‍ക്കും ബോധ്യമായി എന്നും അദ്ദേഹം കുറിച്ചു.

കന്യാസ്ത്രീകള്‍ക്ക് എതിരെ കേസെടുത്ത സംഭവത്തില്‍ ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍ മാപ്പ് പറയണമെന്ന സി പിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. കുറ്റം ചെയ്തത് തങ്ങളാണെന്ന് ബിജെപി സര്‍ക്കാര്‍ അംഗീകരിക്കണം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണ് ലംഘിച്ചത്, കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ നേരിയ സന്തോഷമുണ്ട്. കന്യാസ്ത്രീകളുടെ പേരില്‍ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button