നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ തള്ളി നിയമസഭ

നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ തള്ളി നിയമസഭ. താൻ പ്രസംഗിച്ചത് അംഗീകരിക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കറുടെ ആവശ്യം കീഴ്‌വഴക്കവും ചട്ടവും ചൂണ്ടിക്കാണിച്ചുകൊണ്ട് ആണ് നിയമസഭ തള്ളിയിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച തന്റെ പ്രസംഗത്തിനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിക്കാതെ വിട്ടത് വിവാദമായിരുന്നു. ഇതേതുടർന്ന് ഗവർണർ വായിക്കാത്ത ഭാഗങ്ങൾ പിന്നീട് മുഖ്യമന്ത്രി സഭയിൽ വായിക്കുകയും ഗവർണറുടെ നടപടിയെ വിമർശിക്കുകയും ചെയ്തിരുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് താൻ വായിക്കാതെ വിട്ടതെന്നായിരുന്നു സംഭവത്തിൽ ഗവർണർ നൽകിയ വിശദീകരണം.

പിന്നാലെ തന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും നയപ്രഖ്യാപന പ്രസംഗ വീഡിയോ ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ സ്‌പീക്കർ എഎൻ ഷംസീറിന് കത്തയച്ചിരുന്നു. പക്ഷേ സ്പീക്കർ ഈ കത്തിന് മറുപടി നൽകിയില്ല. പ്രസംഗങ്ങളുടെ വീഡിയോ ആവശ്യപ്പെട്ട് ഗവർണർ നൽകിയ രഹസ്യ സ്വഭാവമുള്ള കത്ത് മാധ്യമങ്ങൾക്ക് ചോർന്നുവെന്ന സ്പീക്കറുടെ ആരോപണം പിന്നീട് ലോക്ഭവൻ തള്ളി. കത്തിന് മറുപടി നൽകിയില്ലെന്ന് പറഞ്ഞുള്ള സ്പീക്കറുടെ വാർത്താസമ്മേളനം മര്യാദാ ലംഘനമാണെന്നും ഭരണഘടനാ സ്ഥാപനത്തിൻ്റെ അന്തസിന് യോജിക്കാത്തതെന്നും ലോക്ഭവൻ വിമർശിച്ചു. സംഭവ വികാസങ്ങൾക്കെല്ലാം അവസാനം ഇപ്പോൾ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം നിയമസഭ അംഗീകരിച്ചിരിച്ചിരിക്കുകയാണ്.

Related Articles

Back to top button