പോലീസുകാരി വഴിയൊരുക്കിയത് വെറുതെയായി; ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല, അന്വേഷണത്തിൽ ട്വിസ്റ്റ്
തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വഴിയൊരുക്കാൻ പോലീസുകാരി ഓടിയതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുകയാണിപ്പോൾ. ഡ്രൈവറെയും ആംബുലൻസും എംവിഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദൃശ്യങ്ങളിൽ നിന്നും വലതുവശത്തുനിന്നാണ് വീഡിയോ പകർത്തിയതെന്ന് മനസ്സിലായി. വലതുവശത്തുനിന്നും ദൃശ്യങ്ങൾ പകർത്തണമെങ്കിൽ അത് ഡ്രൈവർക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന അനുമാനത്തിലാണ്, ഡ്രൈവർ വീഡിയോ ചിത്രീകരിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തിയതെന്ന് എംവിഡി ഉദ്യോഗസ്ഥൻ ബിജു പിവി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആംബുലൻസിൽ രോഗിയില്ലെന്നുള്ള വിശ്വസനീയമായ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സൈറൺ ഇട്ടിട്ടുണ്ടായിരുന്നില്ലെന്നും രോഗിയില്ലെന്ന് പറയാൻ സാവകാശം ലഭിച്ചില്ലെന്നും ആംബുലൻസ് ഡ്രൈവർ ഫൈസൽ പറഞ്ഞു. ഒറിജിനൽ വീഡിയോ തന്റെ പക്കലുണ്ടെന്നും ഫൈസൽ അവകാശപ്പെടുന്നു. ആരാണ് ഇത്തരത്തിൽ വഴിയൊരുക്കിയതെന്നു പോലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ വലിയരീതിയിൽ സാമൂഹികമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു. മൂന്നാമത്തെ ദിവസമാണ് ആരാണ് പോലീസുകാരിയെന്ന് വാർത്തകളിലൂടെ അറിയുന്നത്. ആംബുലൻസിൽ രോഗിയുണ്ടായിരുന്നുവെന്നും മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും വെളിപ്പെടുത്തൽ വന്നതും അപ്പോഴായിരുന്നു. അപ്പോൾ എന്ത് പറയണമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഫൈസൽ പറയുന്നു.