യുവാവിനെ ക്രൂരമായി ആക്രമിക്കാൻ ക്വട്ടേഷൻ.. നൽകിയത് ആരെന്നറിഞ്ഞ് മൂക്കത്ത് വിരൽവെച്ച് പൊലീസ്…
പാറശ്ശാല: പാറശ്ശാല ചെങ്കലിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം ക്വട്ടേഷൻ എന്ന് പൊലീസ്.കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് അയൽവാസിയായ പോലീസുകാരൻ. തലസ്ഥാനത്തെ ഗുണ്ടാത്തലവൻ പിടിയിലായ കേസിലാണ് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ് . അതിർത്തി തർക്കത്തിൻ്റെ പേരിൽ യുവാവുമായി ശത്രുതയിലുള്ള പോലീസുകാരനും സുഹൃത്തായ അഭിഭാഷകനുമാണ് പ്രതികൾ. ഇരുവരും ഒളിവിലാണ്.സംഭവത്തിൽ ഇതുവരെ നാല് പേരെ പാറശ്ശാല പോലീസ് അറസ്റ്റു ചെയ്തു. ചെങ്കലിൽ മൂന്നാഴ്ച മുൻപാണ് യുവാവിനെ ഗുണ്ടാസംഘം ആക്രമിച്ചത്. ഗുണ്ടാത്തലവനായ ആട് സജിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അന്വേഷണത്തിൽ ക്വട്ടേഷൻ നൽകിയതായി കണ്ടെത്തിയ എ.ആർ. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ പി.ബൈജുവിനെ ഒന്നാം പ്രതിയാക്കി കേസിൽ ഉൾപ്പെടുത്തി. ഇയാളുടെ സുഹൃത്തും വ്ളാത്താങ്കര സ്വദേശിയുമായ അഭിഭാഷകൻ അഖിലിനെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്.
തിരുവല്ലം പാലറകുന്ന് വീട്ടിൽ ആട് സജി എന്നു വിളിക്കുന്ന സജി(42), ചെങ്കൽ കടുക്കറ വീട്ടിൽ അജി(37), മാരായമുട്ടം കടവൻകോട് കോളനിയിൽ സുജിത്ത്(36), പെരുമ്പഴുതൂർ കടവൻകോട് കോളനിയിൽ രവി(45) എന്നിവരാണ് പിടിയിലായത്.