ഫോൺ സ്വിച്ചോഫ്…..നടി കസ്തൂരി ഒളിവിൽ….
തെലുങ്ക് സംസാരിക്കുന്ന ആളുകളെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്ന വിവാദത്തിന് പിന്നാലെ നടി കസ്തൂരി ഒളിവിൽ. അഖിലേന്ത്യ തെലുങ്ക് ഫെഡറേഷൻ ജനറൽ സെക്രട്ടറി നന്ദഗോപാൽ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് താരം ഒളിവിൽ പോയത്. നന്ദഗോപാലിന്റെ പരാതിയിൽ കേസെടുത്ത എഗ്മോർ പൊലീസ് നടിയുടെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു.
ബ്രാഹ്മണ സമുദായത്തിനെതിരെ തുടർച്ചയായി നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകളിൽ അപലപിച്ച് ചെന്നൈയിലെ എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തിൽ ഒക്ടോബർ മൂന്നിന് നടന്ന പ്രതിഷേധ സംഗമത്തിൽ നടി കസ്തൂരി നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ബിജെപി നേതാവ് കരു നാഗരാജൻ, ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത്, നടി കസ്തൂരി, മധുവന്തി എന്നിവർ ഇതിൽ പങ്കെടുത്തിരുന്നു. അമരൻ എന്ന സിനിമയിൽ മേജർ മുകുന്ദ് ത്യാഗരാജൻ ബ്രാഹ്മണ സമുദായത്തിൽ പെട്ട ആളെന്ന് കാണിച്ചില്ലെന്നായിരുന്നു ഈ യോഗത്തിൽ കസ്തൂരി നടത്തിയ പ്രസ്താവന. കൂടാതെ ദ്രാവിഡ പ്രത്യയശാസ്ത്രത്തെക്കുറിച്ചും ഡിഎംകെയെക്കുറിച്ചും കസ്തൂരി വിമർശനങ്ങൾ നടത്തി. ഒപ്പം ഇതേ പ്രസംഗത്തിൽ തെലുങ്ക് സംസാരിക്കുന്നവരെക്കുറിച്ച് നടത്തിയ പരാമർശമാണ് കേസിലേക്ക് നയിച്ചത്. തുടർന്ന് കസ്തൂരി സോഷ്യൽ മീഡിയയിൽ വിശദീകരണം നൽകിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല.
തുടർന്ന് പ്രശ്‌നം പരിഹരിക്കാൻ കസ്തൂരി വീട്ടിൽ ഒരു പത്രസമ്മേളനം സംഘടിപ്പിച്ചിരുന്നു. അതിൽ കസ്തൂരി വിവാദത്തെക്കുറിച്ച് പറഞ്ഞത് ഇതാണ് “ഞാൻ തെലുങ്ക് സംസാരിക്കുന്ന ആളുകളെ മോശമാക്കിയിട്ടില്ല. എൻറെ പ്രസ്താവനകൾ വളച്ചൊടിക്കപ്പെട്ടു. ഞാനും എൻറെ മക്കളും തമിഴിനെയും തെലുങ്കിനെയും രണ്ട് കണ്ണുകളായി കാണുന്നു. അമ്മായിയമ്മയുടെ കുടുംബം തെലുങ്ക് സംസാരിക്കുന്നവരാണ്, അവർ എന്നെ അവരിൽ ഒരാളായി അംഗീകരിച്ചിട്ടുണ്ട്.
അതിനാൽ എന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. എന്നാൽ വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകർ അവളുടെ പ്രസംഗത്തിൻറെ വീഡിയോ പ്ലേ ചെയ്യുകയും അവൾ അപമാനകരമായ രീതിയിൽ സംസാരിച്ചുവെന്ന് പറയുകയും ചെയ്തു. കസ്തൂരി വീഡിയോ കാണാൻ വിസമ്മതിക്കുകയും വാദിക്കുകയും ചെയ്തു, ഞാൻ എന്താണ് പറഞ്ഞതെന്ന് എനിക്കറിയാം, ഞാൻ തെറ്റായി സംസാരിച്ചിട്ടില്ലെന്ന് ഉറച്ചുനിൽക്കുകയും ചെയ്തു.
ഇതിന് പിന്നാലെ തൻറെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടി കസ്തൂരി പ്രസ്താവന ഇറക്കി. എന്നാൽ അഖിലേന്ത്യ തെലുങ്ക് ഫെഡറേഷൻ ജനറൽ സെക്രട്ടറി നന്ദഗോപാൽ എഗ്മോർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തെലുങ്ക് സംസാരിക്കുന്ന ആളുകളെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് നടി കസ്തൂരിക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതി.
ഇതേ തുടർന്ന് ഈ മാസം അഞ്ചിന് നടി കസ്തൂരിക്കെതിരെ നാല് വകുപ്പുകൾ പ്രകാരം എഗ്മോർ പൊലീസ് കേസെടുത്തു. ഈ കേസുമായി ബന്ധപ്പെട്ട് അവളെ ചോദ്യം ചെയ്യാൻ സമൻസുമായി പൊലീസ് കസ്തൂരിയുടെ പോയസ് ഗാർഡനിലെ വീട്ടിലെത്തിയെങ്കിലും താരം തൻറെ വീട് പൂട്ടി ഒളിവിൽ പോയെന്നാണ് വിവരം. നടിയുടെ ഫോൺ സ്വിച്ച് ഓഫാണ് എന്നും റിപ്പോർട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.