അല്ലു അർജുനെ ഇന്ന് ചോദ്യം ചെയ്യും.. യുവതിയുടെ കുടുംബത്തിന് 50 ലക്ഷം…
പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നടൻ അല്ലു അർജുന് പൊലീസിന്റെ നോട്ടീസ്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ഡിസംബർ 13ന് അറസ്റ്റിലായ നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അല്ലു അർജുൻ നായകനായ പുഷ്പ 2 ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിലാണ് നടനെതിരെ കേസെടുത്തത്. അതേസമയം രേവതിയുടെ കുടുംബത്തിന് ചിത്രത്തിന്റെ നിർമാതാക്കൾ 50 ലക്ഷം രൂപ ധനസഹായം കൈമാറി. യുവതിക്കൊപ്പം പരിക്കേറ്റ ഇവരുടെ മകൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് നിർമാതാവ് നവീൻ യെർനേനി കുടുംബത്തിന് ചെക്ക് കൈമാറിയത്. യുവതിയുടെ മരണത്തിൽ അനുശോചിക്കുന്നതായും ഇവരുടെ കുടുംബത്തിനുള്ള പിന്തുണയായിട്ടാണ് തുക നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.