കന്നുകാലികളെ വിറ്റതിന്റെ പേരിൽ വീട് കണ്ടുകെട്ടി.. സ്കൂളിൽ പോകുന്ന രണ്ട് പെൺമക്കളുമായി വീട്ടമ്മ…

കന്നുകാലികളെ വിറ്റ വീട്ടമ്മയുടെ വീട് സീൽ ചെയ്ത പൊലീസ് നടപടി നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് അസി. കമ്മീഷണർ റദ്ദാക്കി. കർണാടകയിലെ ധർമസ്ഥല പൊലീസിന്റെ നടപടിയാണ് പുത്തൂർ അസി. കമ്മീഷണർ സ്റ്റെല്ല വർഗീസ് റദ്ദാക്കിയത്. പശുവിനെയും കിടാക്കളേയും കശാപ്പുകാർക്ക് വിറ്റെന്ന് ആരോപിച്ചാണ് പത്രമേ ഗ്രാമത്തിലെ പട്ടുരു നിവാസി സുഹറയുടെ വീട് പൊലീസ് സീൽ ചെയ്തത്.
പൊലീസ് അതിക്രമം സംബന്ധിച്ച് സിപിഎം ബെൽത്തങ്ങാടി താലൂക്ക് സെക്രട്ടറി അഡ്വ. ബി.എം ഭട്ട് അസി. കമ്മീഷണർക്ക് നിവേദനം നൽകിയിരുന്നു. കന്നുകാലികളെ വിറ്റതിന്റെ പേരിൽ വീട് കണ്ടുകെട്ടിയ പൊലീസ് നടപടിയുടെ നിയമസാധുത ഭട്ട് ചോദ്യം ചെയ്തു. വീട് സീൽ ചെയ്തതിനാൽ സ്കൂളിൽ പോകുന്ന രണ്ട് പെൺമക്കളും മറ്റൊരു കുട്ടിയും ഉൾപ്പെടെയുള്ള കുടുംബത്തിന് അഭയം നഷ്ടപ്പെട്ട കാര്യവും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.



