‘മടുത്തു, മരിക്കുകയാണ്.. ആലപ്പുഴ കൺട്രോൾ റൂമിലേക്ക് ഒരു കോൾ.. ലൊക്കേഷൻ ബീച്ചിൽ, പൊലീസിന്റെ സമയോജിത ഇടപെടലിൽ രക്ഷ…
വീടിന്റെ ചുമരിൽ മരണക്കുറിപ്പ് എഴുതി വെച്ച് കടലിലേക്ക് ഇറങ്ങിയ യുവാവിനെ പോലീസിൻ്റെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. ആലപ്പുഴ കൺട്രോൾ റൂമിലേക്കാണ് യുവാവിൻ്റെ അപ്രതീക്ഷിത ഫോൺ കോൾ എത്തിയത്. ജീവിതം മടുത്തെന്നും ആത്മഹത്യ ചെയ്യാൻ ഇറങ്ങുകയാണെന്നും, തൻ്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും അറിയിച്ച ശേഷം കൂടുതൽ വിവരങ്ങൾ നൽകാതെ യുവാവ് ഫോൺ കട്ട് ചെയ്തു. ഇതോടെ കൺട്രോൾ റൂമിൽ നിന്നും വിവരങ്ങൾ ഉടൻ തന്നെ പ്രസ്തുത പോലീസ് സ്റ്റേഷനിൽ രാത്രി പട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കൈമാറി.
ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ നസീർ, എഎസ്ഐ ശ്രീവിദ്യ, ഡ്രൈവറായ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാംലാൽ എന്നിവർ ഉടൻ തന്നെ എസ്എച്ച്ഒയെ വിവരം അറിയിച്ചു. സിഐ സൈബർ സെല്ലിൻ്റെ സഹായത്തോടെ യുവാവിൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ ഉടൻ തന്നെ ലഭ്യമാക്കി. മൊബൈൽ ലൊക്കേഷൻ ബീച്ചിന് സമീപം കടലിനോട് ചേർന്ന് കാണപ്പെട്ടതോടെ ഫോൺ കോൾ യാഥാർത്ഥ്യമാണെന്ന് പോലീസിന് മനസ്സിലായി. ഉടൻ തന്നെ ജീപ്പിൽ ബീച്ചിലേക്ക് തിരിച്ച പോലീസ്, ഇതിനിടയിൽ യുവാവിൻ്റെ ഫോണിലേക്ക് നിരവധി തവണ വിളിച്ചെങ്കിലും കോൾ എടുത്തില്ല. കനത്ത ഇരുട്ടും മഴയും കാരണം ഏതു ഭാഗത്താണ് നിൽക്കുന്നതെന്ന് തിരിച്ചറിയാൻ ഉദ്യോഗസ്ഥർ ഏറെ ബുദ്ധിമുട്ടി.
തുടർന്ന്, യുവാവിൻ്റെ ഫോണിൽ വിളിച്ച് പോലീസ് ഉദ്യോഗസ്ഥർ അനുനയിപ്പിക്കാൻ ശ്രമിച്ചു. ആദ്യം ഒരു തരത്തിലും വഴങ്ങാതിരുന്ന യുവാവിനോട്, സഹോദരനെപ്പോലെ കരുതി തിരിച്ചു കയറണമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും പോലീസ് ആവർത്തിച്ചു പറഞ്ഞു. ശക്തമായ തിരയുള്ളതിനാൽ അധിക സമയം എടുക്കുന്നതിലുള്ള ബുദ്ധിമുട്ടും, യുവാവ് വീണ്ടും കടലിലേക്ക് ഇറങ്ങാനുള്ള സാധ്യതയും പോലീസിനെ വിഷമിപ്പിച്ചു.തുടർച്ചയായ അനുനയത്തിലൂടെയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതിലൂടെയുമാണ് യുവാവിൻ്റെ മനസ്സ് മാറിയത്. ഇതിനിടയിൽ എഎസ്ഐ നസീറും സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാംലാലും ചേർന്ന് കടലിൽ ഇറങ്ങി വെള്ളത്തിൽ നിന്ന യുവാവിനെ പിടിച്ചു കരയിലേക്ക് കയറ്റി. സ്റ്റേഷനിലെത്തി യുവാവിൻ്റെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് ആവശ്യമായ പരിഹാരത്തിന് എല്ലാ പിന്തുണയും നൽകിയാണ് പോലീസ് ഇദ്ദേഹത്തെ ബന്ധുക്കളെ ഏൽപ്പിച്ചത്. പോലീസിൻ്റെ കൃത്യ സമയത്തുള്ളതും സ്നേഹപൂർവ്വവുമായ ഇടപെടലാണ് കടലിൽ പൊലിയേണ്ടിയിരുന്ന ഒരു മനുഷ്യജീവനെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തിയത്.