അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്യുന്നു… ബിഎൽഒയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..

പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ജോലിയിലെ മാനസിക സമ്മര്‍ദ്ദത്തിലാണ് അനീഷിന്റെ മരണമെന്ന് സംശയിക്കുന്നതായി എഫ്‌ഐആര്‍ ചുമത്തി. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ സമ്മര്‍ദമുണ്ടായിരുന്നതായി അനീഷ് വീട്ടുകാരോട് പറഞ്ഞുവെന്ന് പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ പറഞ്ഞു.

അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അനീഷിന്റെ കുടുംബം. എന്യൂമറേഷന്‍ ഫോറം 15നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ 200ലധികം ഫോറം അനീഷിന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് വേണ്ടി അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്തു. വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതും അനീഷിന് വെല്ലുവിളിയായി

അനീഷ് ഈ വര്‍ഷമാണ് പുതുതായി ബിഎല്‍ഒ ആയി ചുമതലയേറ്റത്. അതേസമയം അനീഷിന്റെ ആത്മഹത്യയില്‍ നാളെ പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജോയിന്റ് കൗണ്‍സില്‍. നാളെ എല്ലാ കളക്ടറേറ്റിലും പ്രതിഷേധം നടത്താനാണ് തീരുമാനം. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജിനെയാണ് ഇന്ന് രാവിലെ വീടിന്റെ മുകള്‍ നിലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Related Articles

Back to top button