പുകവലിക്കാനുള്ള സംവിധാനം ഒരുക്കിയില്ല… വിരാട് കോലിയുടെ പബ്ബിനെതിരേ കേസെടുത്ത് പോലീസ്…
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരേ കേസെടുത്ത് പോലീസ്. പുകവലിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളോ മുറിയോ ഒരുക്കിയില്ലെന്ന പരാതിയിലാണ് വൺ 8 കമ്മ്യൂൺ പബ്ബ് മാനേജർക്കെതിരേ ബെംഗളൂരു കബ്ബൺ റോഡ് പോലീസ് കേസെടുത്തിരിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവർത്തിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തേ തന്നെ കബ്ബൺ റോഡ് പോലീസ് പബ്ബ് അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്നും പുകവലിക്കാനുള്ള സംവിധാനം ഒരുക്കാതിരുന്നതിനെ തുടർന്നാണ് കേസെടുത്തത്.
സിഗരറ്റും മറ്റ് പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട നിയമത്തിലെ (COTPA) 4, 21 എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു വാർത്താ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ അശ്വിനി ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പബ്ബിൽ അപ്രതീക്ഷിതമായി പരിശോധന നടത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് വെറും 200 മീറ്റർ അകലെയാണ് കോലിയുടെ പബ് സ്ഥിതി ചെയ്യുന്നത്. പരിശോധനയ്ക്ക് പിന്നാലെ മാനേജർക്കും ജീവനക്കാർക്കും എതിരെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പൊലീസ് കേസെടുത്തു.
ഇതാദ്യമായല്ല കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബ് വിവാദത്തിൽപ്പെടുന്നത്. നേരത്തേ സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻഒസിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരു കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. വെങ്കടേഷ് എന്ന പൊതുപ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷയിലാണ് എൻഒസിയില്ലെന്ന കണ്ടെത്തൽ. ഇതിന്റെയടിസ്ഥാനത്തിൽ വെങ്കടേഷ് പരാതിയുമായി മുന്നോട്ടുപോയതോടെയാണ് അന്ന് കോർപ്പറേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
രാത്രി ഒരു മണിക്ക് ശേഷം പബ്ബ് പ്രവർത്തിച്ചു എന്ന കാരണത്താൽ നേരത്തേയും സ്ഥാപനത്തിന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിൽ ബെംഗളൂരു പോലീസ് എഫ്ഐആർ. രജിസ്റ്ററും ചെയ്തിരുന്നു. എംജി റോഡിൽ നിശ്ചിത സമയപരിധിക്കപ്പുറം പ്രവർത്തിച്ച സ്ഥാപനങ്ങൾക്കൊപ്പമാണ് വൺ 8-നെതിരെയും നടപടിയുണ്ടായത്. അനുവദിച്ച സമയം കഴിഞ്ഞും പ്രദേശത്തുനിന്ന് വലിയ ഉച്ചത്തിൽ മ്യൂസിക് കേൾക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് നടപടി. 2023 ഡിസംബറിലാണ് പബ്ബ് ഉദ്ഘാടനം ചെയ്തത്. ഡൽഹി, മുംബൈ, പുണെ, കൊൽക്കത്ത ഉൾപ്പെടെയുള്ള ഇടങ്ങളിൽ വൺ 8-ന് ശാഖകളുണ്ട്.