കളക്ടർ ഡ്യൂട്ടിക്ക് പോയ സമയം, വസതിയിൽ പൊലീസുകാരുടെ വെള്ളമടി പാർട്ടി.. പൂസായി ചെയ്തത്…
ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ അനുമതിയില്ലാതെ പാർട്ടി നടത്തിയ അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ. ഒഡീഷയിലെ ബാലസോറിലാണ് സംഭവം. ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ അനുമതിയില്ലാതെ പാർട്ടി നടത്തുകയും ഡ്യൂട്ടിക്കിടെ മദ്യപിക്കുകയും ചെയ്തതിനാണ് നടപടി. സഹപ്രവര്‍ത്തകന്‍റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. യൂണിഫോമിൽ മദ്യപിച്ച് നൃത്തം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് എസ്പി രാജ് പ്രസാദ് ഉടനടി സസ്‌പെൻഷൻ ഉത്തരവിറക്കുകയായിരുന്നു
ഹവിൽദാർ ഹേമന്ത ബാരിക്, കോൺസ്റ്റബിൾമാരായ സിദ്ധേശ്വർ ഗോച്ചായത്, ദേബ മാജി, സുധാംഷു ജെന, രാമചന്ദ്ര തപസ്വി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ജൂൺ ഒന്നിന് രാത്രി ജില്ലാ കളക്ടർ സൂര്യവംശി മയൂർ വികാസ് ഔദ്യോഗിക ഡ്യൂട്ടിക്ക് പോയ സമയത്താണ് സംഭവം. സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഉദ്യോഗസ്ഥർ ഗാർഡ് റൂമിൽ മദ്യവും പാട്ടും നോൺ വെജിറ്റേറിയൻ ഭക്ഷണവുമായി പാർട്ടി നടത്തിയെന്നാണ് ആരോപണം. പ്രാഥമിക അന്വേഷണത്തിൽ ഗാർഡ് റൂമിന് സമീപത്ത് നിന്ന് ഒഴിഞ്ഞ ബിയർ കാനുകളും മദ്യക്കുപ്പികളും കണ്ടെത്തിയെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
സുരക്ഷാ കാര്യങ്ങൾക്കായി സർക്കാർ സ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ അച്ചടക്കം പാലിക്കണമെന്ന് എസ്പി രാജ് പ്രസാദ് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഒരു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ അച്ചടക്ക നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സംഭവം ജില്ലയിലെ ഉന്നത സർക്കാർ സ്ഥാപനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്