പൊലീസിന്റെ അലംഭാവം കൊലപാതകത്തിൽ എത്തിച്ചു : രമേശ് ചെന്നിത്തല
മാന്നാർ: പലതവണ പരാതികൾ ലഭിച്ചിട്ടും പൊലീസ് വേണ്ട രീതിയിൽ നടപടി എടുക്കാത്തത് വൃദ്ധ മാതാപിതാക്കളുടെ ദാരുണാന്ത്യത്തിന് കാരണമായതായും പൊലീസ് കാണിച്ച അലംഭാവമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ആരോപിച്ചു. മകൻ വീടിന് തീ വെച്ചതിനെ തുടർന്ന് വെന്തു മരിച്ച ചെന്നിത്തല കോട്ടമുറിയിൽ കൊറ്റോട്ട് കാവിൽ രാഘവൻ – ഭാരതി ദമ്പതികളുടെ വീട് സന്ദർശിക്കാൻ എത്തിയതായിരുന്നു രമേശ് ചെന്നിത്തല. മദ്യപാനിയായ മകൻ ദിവസങ്ങൾക്കു മുമ്പ് പിതാവിന്റെ കൈ തല്ലിയൊടിച്ചതായും മാതാവിനെ ക്രൂരമായി മർദ്ദിച്ചതായും പരാതിപ്പെട്ടിട്ടും പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശരിയായ രീതിയിൽ അന്വേഷണം നടത്തി യഥാർത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെപിസിസി അംഗം രാധേഷ് കണ്ണന്നൂരും രമേശ് ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.