അമിത വേഗത, ഹെൽമറ്റ് ധരിച്ചില്ല; ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തിയ പൊലീസിന് നേരെ കയ്യേറ്റം…
കൊല്ലം അഞ്ചലിൽ അമിത വേഗതയില്‍ ഹെല്‍മറ്റ് ധരിക്കാതെയെത്തിയ ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തിയ പൊലീസിന് നേരെ കയ്യേറ്റം. അഞ്ചൽ എസ്ഐ പ്രജീഷ്കുമാറിനെയാണ് പനയഞ്ചേരി സ്വദേശി സുരാജും മക്കളായ അഹമ്മദും അബ്ദുള്ളയും ചേർന്ന് ആക്രമിച്ചത്. കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെ അഞ്ചല്‍ ബൈപ്പാസില്‍ ആയിരുന്നു സംഭവം. ഹെല്‍മറ്റ് ധരിക്കാതെ അമിത വേഗതയില്‍ ബൈക്കിലെത്തിയ അഹമദ് സുരാജിനെ പൊലീസ് തടഞ്ഞു. ഈ സമയം സമീപത്തെ കടയിൽ നിൽക്കുകയായിരുന്ന അഹമ്മദിൻ്റെ പിതാവ് സുരാജും സഹോദരൻ അബ്ദുള്ള സുരാജും സ്ഥലത്ത് എത്തി. ഇവർ ചേർന്ന് എസ്ഐ പ്രജീഷ് കുമാറിനെ പിടിച്ചു തള്ളി കയ്യേറ്റം ചെയ്തെന്നാണ് കേസ്. എസ്ഐയുടെ കൈയ്ക്ക് പരിക്കേറ്റു. സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. കയ്യേറ്റം, അസഭ്യം പറയൽ, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികൾ സ്ഥിരം പ്രശ്നക്കാരാണെന്നും പൊലീസ് പറയുന്നു.