വെളുപ്പിനെ രണ്ടുമണി, ബേക്കറിയിലെത്തി വയറു നിറയെ കേക്കും പലഹാരങ്ങളും അകത്താക്കി.. പോകുന്നതിന് മുൻപ് മേശവലിപ്പിനുള്ളിൽ നിന്ന് പണവുമെടുത്തു.. പുറത്തിറങ്ങിയതും..
കോട്ടയം തിരുവാതുക്കലിൽ ബേക്കറിയിൽ മോഷണം നടത്തിയ ആൾ പോലീസ് പിടിയിൽ. തിരുവാതുക്കൽ സ്വദേശിയായ രോഹിത് രാജേന്ദ്രന്‍റെ ബേക്കറിയിൽ മോഷണം നടത്തിയ കള്ളനെയാണ് അതിസാഹസികമായി പോലീസ് സംഘം പിടികൂടിയത്. രാജേന്ദ്രന്‍റെ വീടിന് സമീപത്തുള്ള ബേക്കറിയിലാണ് കള്ളൻ കയറിയത്. മോഷണത്തിന് മുൻപായി ബേക്കറിയിൽ നിന്ന് കേക്കും മറ്റും കഴിച്ച ശേഷം കള്ളൻ മേശവലിപ്പിനുള്ളിൽ നിന്ന് പണവും കൈക്കലാക്കുകയായിരുന്നു. ശേഷം രക്ഷപെടാൻ പുറത്തേക്കിറങ്ങിയതാവട്ടെ നേരെ പോലീസിന്റെ മുന്നിലേക്കും.
വെളുപ്പിന് 2 മണിക്ക് ശേഷമായിരുന്നു സംഭവം. കടയിൽ ക്യാമറ സ്ഥാപിച്ചിരുന്നതിനാൽ മോഷണം നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ട കടയുടമ രോഹിതിന്റെ പിതാവ് വിവരം പോലീസിന് കൈമാറി. പോലീസിന്റെ എമർജൻസി നമ്പരായ 112 ലൂടെയാണ് അദ്ദേഹം വിവരം അറിയിച്ചത്. ഇതോടെ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ നൈറ്റ് ഓഫീസറും സംഘവും പ്രതിയെ കയ്യോടെ പൊക്കി. പോലീസിനെ കണ്ടതോടെ രക്ഷപെടാനായി ശ്രമം നടത്തിയ പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ നൈറ്റ് ഓഫീസർ മനോജ്, കോട്ടയം കണ്ട്രോൾ റൂമിലെ സണ്ണിമോൻ, ശ്യാം എന്നിവരാണ് കള്ളനെ കയ്യോടെ പിടികൂടിയത്. സമയോചിതമായ ഇടപെടലിലൂടെ കേരള പോലീസ് പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുവെന്നും, കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട് നൽകുന്നതായും കടയുടമ രോഹിത് ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം പപ്രതി ബേക്കറിയിൽ മോഷണം നടത്തുന്ന ദൃശ്യങ്ങൾ കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു.



