മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അഫ്രീദിനേയും, മാതാപിതാക്കളേയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. അഫ്രീദിനേയും, മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ജസീലയുടെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസിന്റെ നടപടി. ആദ്യഘട്ടത്തിൽ ജസീലയുടെ വീട്ടിലെ അംഗങ്ങളിൽ നിന്നും മൊഴിയെടുത്തിരുന്നു. അടുത്ത ദിവസം തന്നെ സുഹൃത്തിനേയും കുടുംബത്തേയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. സംഭവം വിവാദമായതോടെ പരമാവധി പേരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അഫ്രീദിന്റെ വീട്ടിൽ നിന്ന് ഒൻപതര പവൻ സ്വർണം മോഷണം പോയിരുന്നു. ഇതിനെ തുടർന്ന് അഫ്രീദിന്റെ ഉമ്മ ജസീലയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പോയി ബഹളം വെച്ചിരുന്നു. ഇതിൽ മനംനൊന്താണ് ജസീല ജീവനൊടുക്കിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് 24 കാരി ജീവനൊടുക്കിയത്. നിരപരാധിയാണെന്ന് കരഞ്ഞ് പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു.



