16 കാരനെ പീഡിപ്പിച്ച സംഭവം.. എ ഇ ഒ യെ സസ്പെൻഡ് ചെയ്തു…
പോക്സോ കേസിൽ എ ഇ ഒ യെ സസ്പെൻഡ് ചെയ്തു. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ വികെ സൈനുദീനെതിരെയാണ് നടപടി. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഇയാൾ റിമാൻഡിൽ ആണ്.
രണ്ട് വർഷം മുൻപാണ് ഡേറ്റിംഗ് ആപ്പിൽ കുട്ടി അംഗമാകുന്നത്. 18 വയസ്സ് കഴിഞ്ഞവർക്ക് മാത്രം അംഗമാകാവുന്ന ഡേറ്റിംഗ് ആപ്പിൽ തെറ്റായ വിവരങ്ങളാണ് കുട്ടി നൽകിയത്. ആൺകുട്ടിയുടെ വീട്ടിൽനിന്ന് അസ്വാഭാവികമായി ഒരാൾ ഇറങ്ങി പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. 16കാരനെ അമ്മ ചോദ്യം ചെയ്യുകയും തുടർന്ന് കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്തുവന്നത്.
18 പേർ രണ്ടുവർഷമായി പീഡിപ്പിച്ചിരുന്നെന്നാണ് 16 കാരൻ പൊലീസിന് നൽകിയ മൊഴി. ഡേറ്റിംഗ് ആപ്പ് ഏജന്റായിരുന്നു കുട്ടിയെ പ്രതികൾക്കായി കൈമാറിയിരുന്നത്. ചന്തേര പോലീസ് സ്റ്റേഷനിൽ ആറു കേസുകളും കണ്ണൂർ,കോഴിക്കോട്, എറണാകുളം ജില്ലകളിലായി എട്ടു കേസുകളും ആണ് രജിസ്റ്റർ ചെയ്തത്. പാലക്കാട് റെയിൽവേ ഡിവിഷൻ ജീവനക്കാരനും ഉൾപ്പെടെ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ള 9 പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.