മാർച്ച് ആറിന് പ്രധാനമന്ത്രി കേരളത്തിൽ എത്തിയേക്കില്ല; സന്ദർശനം മാർച്ച് 11ലേക്ക് മാറ്റി

മാർച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയേക്കില്ലെന്ന് വിവരം. പകരം മാർച്ച് 11ലേക്ക് ആണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റിയിരിക്കുന്നത്. സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി എൻഡിഎയുടെ പ്രകടന പത്രിക പ്രകാശനം ചെയ്യും. എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും ഇതുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കുക. മറൈന്‍ ഡ്രൈവില്‍ വെച്ചുനടക്കുന്ന ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. മാത്രമല്ല റെയില്‍വേയുടേതടക്കം മറ്റ് രണ്ട് പരിപാടികളിലും പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിവരം. സന്ദര്‍ശന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടൻ തന്നെ പുറത്തുവരും.
അതേസമയം, രണ്ട് ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് ചെന്നൈയില്‍ എത്തും. രാത്രി 9ന് സ്ഥലത്തെത്തുന്ന നരേന്ദ്രമോദി ഇന്ന് ചെന്നൈയില്‍ തന്നെ തുടരും. നാളെ രാവിലെ 11.45ന് പുതുച്ചേരിയില്‍ 2,700 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മധുരയില്‍ വച്ച് 4,000 രൂപയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും. വൈകുന്നേരം നാല് മണിക്ക് തിരുപ്പരങ്കുണ്‍ട്രം ക്ഷേത്രത്തിൽ ദർശനം നടത്തും.
രാജസ്ഥാനിലെ അജ്മീറില്‍ നടക്കുന്ന ഗര്‍ഭാശയ കാന്‍സറിനെതിരായ രാജ്യവ്യാപക വാക്‌സിന്‍ ഡ്രൈവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. 14 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഒറ്റ ഡോസ് ‘ഗാര്‍ഡാസില്‍’ വാക്‌സിനാണ് നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും ഈ പരിപാടിയിൽ വെര്‍ച്വലായി പങ്കെടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.



