ഉടക്കിൽ നിലപാട് മയപ്പെടുത്തി സിപിഐ… പിഎം ശ്രീയിൽ കീഴടങ്ങാൻ സിപിഎം

കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തിൽ ആലോചന. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഎമ്മിൻ്റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. എന്നാൽ കരാർ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിൻ്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്.
അതേസമയം, ഡി രാജയുമായി എംഎ ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഡി രാജയെ ഫോണിൽ വിളിച്ചത്. ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാൽ സിപിഐ വഴങ്ങുമെന്നാണ് സൂചന. ഡി രാജയെ എംഎ ബേബി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിനു നൽകാനുദ്ദേശിക്കുന്ന കത്തിൻ്റെ ഉള്ളടക്കവും അറിയിച്ചു കഴിഞ്ഞു.


