പിഎം ശ്രീയില്‍ കേരളവും.. തെരുവില്‍ സമരമെന്ന് എഐഎസ്എഫ്.. മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വം.. നാളെ അടിയന്തര…

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിക്കെതിരെ തെരുവിൽ സമരത്തിന് എഐഎസ്എഫ്. സർക്കാർ നടപടി വഞ്ചനാപരമായ നിലപാട് എന്നാണ് എഐഎസ്എഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ തുറന്നടിച്ചത്. ഇന്ന് രാത്രി ഓൺലൈനായി അടിയന്തര നേതൃയോഗം വിളിച്ച എഐഎസ്എഫ് സമരനടപടികൾ എങ്ങനെ വേണമെന്നതിൽ ചർച്ച നടത്തും. ഇടത് മുന്നണിയുടെ പ്രഖ്യാപിതനയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാനാകുമെന്ന് വിദ്യാഭ്യാസമന്ത്രി കരുതേണ്ടെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം കൂടിയാലോചനയില്ലാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ സിപിഐക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത് . മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.തങ്ങളുടെ എതിര്‍പ്പിനെ മുഖവിലക്കെടുക്കാതെ വിവാദ പദ്ധതിയില്‍ ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വിലയിരുത്തല്‍.
ബിനോയ് വിശ്വം നാളെ മാധ്യമങ്ങളെ കാണുന്നുണ്ട്. സിപിഐയുടെ അടുത്ത നീക്കം പാര്‍ട്ടി സെക്രട്ടറി നാളെ വിശദീകരിക്കും. സിപിഐ സെക്രട്ടറിയേറ്റ് അടിയന്തര യോഗവും നാളെ ചേരും. ഓണ്‍ലൈനായിട്ടാവും യോഗം ചേരുക.


