പൊങ്കൽ ആഘോഷിക്കാൻ മോദി തമിഴ്നാട്ടിലേക്ക്; ലക്ഷ്യം ദ്രാവിഡ മണ്ണിൽ ഭരണം

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം തമിഴ്നാട് സന്ദർശനത്തിനൊരുങ്ങുന്നു. തമിഴ് ജനതയുടെ ഉത്സവമായ പൊങ്കൽ ആഘോഷിക്കാനാണ് മോദി തമിഴ്നാട്ടിൽ എത്തുന്നത്. തമിഴ്നാട്ടിലെ കൊങ്കു മേഖലയിലെ തിരുപ്പൂർ, ഈറോഡ് തുടങ്ങിയ ജില്ലകളിലാകും പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുകയെന്ന് ബിജെപി അറിയിച്ചു. ജനുവരി 10നാണ് മോദി പൊങ്കൽ ആഘോഷിക്കാൻ തമിഴ്നാട്ടിലെത്തുന്നത്.
10,000 വനിതകൾ പങ്കെടുക്കുന്ന വലിയ ചടങ്ങായാകും മോദിയുടെ പെങ്കൽ ആഘോഷം സംഘടിപ്പിക്കുക. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ ഒപ്പം നിർത്താൻ പൊങ്കൽ ദിനത്തിൽ മോദി എത്തുന്നതിലൂടെ സാധിക്കും എന്നാണ് തമിഴ്നാട്ടിലെ ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്.
രാമേശ്വരത്ത് കാശി തമിഴ് സംഗമത്തിന്റെ സമാപനച്ചടങ്ങിലും, പുതുക്കോട്ടയിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ നേതൃത്വത്തിലുള്ള യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് അറിയിപ്പ്. ഗ്രാമീണമേഖലകളിൽ പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കാനും കർഷക സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും ഈ സന്ദർശനം സഹായിക്കുമെന്നും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളോടെ തമിഴ്നാട്ടിലെ എൻഡിഎ സഖ്യചർച്ചകൾക്കും വേഗം കൂട്ടുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ഏകോപനവും അന്തിമരൂപം നൽകുന്നതിനായി മോദി എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഇതിനിടെ അണ്ണാ ഡിഎംകെ മുൻനേതാവ് ഒ. പനീർശെൽവം, ടിടിവി ദിനകന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം, പിഎംകെ, ഡിഎംഡികെ തുടങ്ങിയ പാർട്ടികളുമായി ഇപ്പോഴും സഖ്യ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുമ്പ് തന്നെ ഈ പാർട്ടികളുമായി ധാരണയിലെത്താനാണ് ബിജെപി ശ്രമിക്കുന്നത്. അങ്ങനെയെങ്കിൽ പ്രധാനമന്ത്രിയെ തമിഴ്നാട്ടിലേക്ക് സ്വീകരിക്കാൻ ഈ പാർട്ടികളുടെ നേതാക്കളുമുണ്ടാകും.




