പഹൽഗാം ഭീകരാക്രമണവും ഓപറേഷൻ സിന്ദൂറും പാർലമെന്റ് ചർച്ച ചെയ്യാനിരിക്കെ പ്രധാനമന്ത്രി വിദേശയാത്രക്ക്
പാർലമെന്റിന്റെ വർഷകാല സമ്മേളനം പഹൽഗാം ഭീകരാക്രമണവും ഓപറേഷൻ സിന്ദൂരും ചർച്ച ചെയ്യാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദർശനത്തിന്. ബ്രിട്ടൻ, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് നാലുദിന സന്ദർശനത്തിനായി ബുധനാഴ്ച പ്രധാനമന്ത്രി പുറപ്പെടും. അതേസമയം, വർഷകാല സമ്മേളനത്തിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിക്കും.
പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ നാലാമത്തെ ബ്രിട്ടൻ സന്ദർശനമാണിത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ബ്രിട്ടനിലേക്ക് പോകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പുറമേ ചാൾസ് രാജാവുമായും മോദി കൂടിക്കാഴ്ച നടത്തും.
ഇന്ത്യ-യു.കെ ഉഭയകക്ഷി ബന്ധങ്ങൾ സംബന്ധിച്ച് ചർച്ച കൂടിക്കാഴ്ചയിൽ നടക്കും. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തം, വ്യാപാര സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ, പ്രതിരോധം സുരക്ഷ കാലാവസ്ഥ ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ലണ്ടനിൽനിന്ന് നേരെ മാലദ്വീപിലേക്ക് പോകുന്ന മോദി 26ന് നടക്കുന്ന രാജ്യത്തിന്റെ 60ാം സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കും.