ഗായകൻ എം.ജി.ശ്രീകുമാറിന് 25,000 രൂപ പിഴ… കാരണം എന്തെന്നോ?…

കൊച്ചി കായലിൽ മാലിന്യം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് ഗായകൻ എം.ജി.ശ്രീകുമാറിന് 25,000 രൂപയുടെ പിഴ നോട്ടിസ്. പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരമാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ പിഴ ചുമത്തിയത്. വിനോദസഞ്ചാരിയാണ് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നും കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും പരാതി നൽകുകയും ചെയ്തത്. ​ഗായകൻ പിഴയൊടുക്കിയതോടെ പരാതിക്കാരന് പാരിതോഷികം ലഭിക്കും.

വിനോദ സഞ്ചാരി മൊബൈൽ ഫോണിലാണ് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകർത്തിയത്. ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നൽകിയത്. തുടർന്നു ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കി.

നാലു ദിവസം മുൻപ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി. പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.

തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button