പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്ത സംഭവം; നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഹൈക്കോടതിയെ സമീപിച്ചു..

പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ ഗതാഗതമന്ത്രിയുടെ നിർദേശ പ്രകാരം നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഹൈക്കോടതിയെ സമീപിച്ചു. പൊൻകുന്നത്തുനിന്ന് പുതുക്കാട്ടേക്ക് സ്ഥലം മാറ്റിയ സംഭവത്തിൽ ഡ്രൈവർ ജെയ്മാൻ ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെഎസ്ആർടിസി രംഗത്തെത്തി. ഡ്രൈവർ ജെയ്മോൻ ജോസഫിനെ പൊൻകുന്നത്തുനിന്ന് പുതുക്കാട്ടേക്ക് സ്ഥലം മാറ്റിയതിൽ അപാകതയില്ല. ഡ്രൈവറുടെ സ്ഥലംമാറ്റം അച്ചടക്ക നടപടിയുടെ ഭാഗമാണ്. ജീവനക്കാർക്ക് നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ ഡ്രൈവർ പാലിച്ചില്ല. ബസ് വൃത്തിയായി സൂക്ഷിക്കണം എന്ന നിർദേശം പാലിച്ചില്ല. യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായാണ് സർക്കുലർ ഇറക്കിയതെന്നും കെഎസ്ആർടിസി ന്യായീകരിച്ചു

ജീവനക്കാർ മാർഗ്ഗ നിർദ്ദേശം ലംഘിക്കുന്നത് ചൂണ്ടിക്കാട്ടാൻ മന്ത്രിക്ക് അധികാരമുണ്ടെന്നും കെഎസ്ആർടിസി ന്യായീകരിക്കുന്നു. സംഭവത്തിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശിച്ചു. പൊൻകുന്നത്ത് നിന്ന് ജയ്മോനെ വിടുതൽ ചെയ്തെങ്കിലും പുതുക്കാട്ട് ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കെഎസ്ആർടിസിക്ക് ഹൈക്കോടതി നി‍ർദേശം നൽകി.

Related Articles

Back to top button