ഗോവിന്ദച്ചാമിക്കൊപ്പം ജയിൽ ചാടാൻ പദ്ധതിയിട്ടു…സഹതടവുകാരൻ്റെ മൊഴി….
സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി തടവ് ചാടാൻ തീരുമാനിച്ച വിവരം അറിയാമായിരുന്നു എന്ന് സഹ തടവുകാരന്റെ മൊഴി. ഗോവിന്ദച്ചാമി ജയിൽ ചാടാനുള്ള ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായി. ഒപ്പം ചാടാൻ താനും പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാൻ കഴിയാത്തതിനാൽ പുറത്ത് കടക്കാൻ കഴിഞ്ഞില്ലെന്നും തടവുകാരൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തമിഴ്നാട് സ്വദേശിയാണ് ഗോവിന്ദച്ചാമിയുടെ സഹതടവുകാരൻ.
ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണമായിരുന്നു. സെല്ലിന്റെ കമ്പികൾ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നു. ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്പിയിൽ നൂൽ കെട്ടിവെച്ചു. സെല്ലിലെ രണ്ട് കമ്പികള്‍ മുറിച്ചാണ് ഇയാള്‍ പുറത്തുകടന്നത്. താഴത്തെ കമ്പികളാണ് മുറിച്ചത്. ജയിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവിടെനിന്നും ഹാക്‌സോ ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങളായി കുറച്ച് കുറച്ചായി കമ്പികള്‍ മുറിക്കാനുളള ശ്രമം നടത്തുകയായിരുന്നു.