ദുരന്തത്തിന് മിനിറ്റുകൾ മുമ്പ് എടുത്ത സെൽഫി.. കണ്ണീരോർമയായി ആ ദമ്പതികളും മക്കളും….
242 പേരെയുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ അഹ്മദാബാദ് – ഗ്യാറ്റ്വിക് വിമാനത്തിലെ യാത്രക്കാരിൽ ഇപ്പോൾ ജീവനോടെ ഉള്ളത് ഒരാൾ മാത്രമാണ്.പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് ഉറ്റവർ.204 മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ടെന്നും തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താൻ നടപടി തുടങ്ങിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനിടെ നൊമ്പരമാവുകയാണ് രാജസ്ഥാനിൽ നിന്നുള്ള ഒരു ഡോക്ടർ ദമ്പതികളുടെയും അവരുടെ മൂന്ന് മക്കളുടെയും ചിത്രം.
യാത്ര തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിമാനത്തിൽ കയറിയ ശേഷം ഇവർ എടുത്ത് പ്രിയപ്പെട്ടവർക്ക് കൈമാറിയ സെൽഫിയാണ് പുറത്തുവന്നത്. ഉദയ്പൂരിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. കോമി വ്യാസ് ഭർത്താവായ ഡോ. പ്രതീക് ജോഷിക്കും മൂന്ന് മക്കൾക്കുമൊപ്പമാണ് യുകെയിലേക്ക് വിമാനം കയറിയത്. ഉദയ്പൂരിലെ ജോലി രാജിവെച്ച് ഭർത്താവിനൊപ്പം യുകെയിൽ താമസം തുടങ്ങുന്നതിന്റെ എല്ലാ സന്തോഷവും കോമിയുടെയും അതുപോലെ തന്നെ മക്കളുടെയും മുഖത്ത് ഉണ്ടായിരുന്നു.
അടുത്തടുത്ത സീറ്റുകളിൽ ഡോ. പ്രതീകും ഡോ. കോമിയും ഇരിക്കുമ്പോൾ തൊട്ട് എതിർവശത്തെ സീറ്റിലാണ് മൂന്ന് മക്കളും. മൂത്തത് എട്ട് വയസുകാരിയായ മകളും ഇളയത് രണ്ട് ഇരട്ട ആൺകുട്ടികൾ അഞ്ച് വയസുകാരുമാണ്. ദമ്പതികൾ രണ്ട് പേരും ഉദയ്പൂരിലെ പസിഫിക് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നതെന്ന് ഇവരുടെ കുടുംബവുമായി അടുപ്പമുള്ള നാട്ടുകാർ പറയുന്നു. ഡോ. പ്രതീപ് കുറച്ച് മാസങ്ങൾ മുമ്പ് ലണ്ടനിലേക്ക് പോയി. കുറച്ച് ദിവസം മുമ്പാണ് അദ്ദേഹം ഭാര്യയെയും മക്കളെയും കൂടി യുകെയിലേക്ക് കൊണ്ടുപോകാനായി നാട്ടിലെത്തിയത്. ഡോ. കോമിയും ജോലി രാജിവെച്ച് യുകെ യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു എന്ന് ആശുപത്രി വക്താവ് പറഞ്ഞു