കഷ്ടകാലം…80,000 രൂപ മോഷ്ടിക്കാനുള്ള l പ്ലാനിൽ യുവാക്കൾക്ക് നഷ്ടം 2 ലക്ഷത്തിന്‍റെ ബൈക്ക്! പണവും പോയി ആളെയും തിരിച്ചറിഞ്ഞു….
മോഷണ ശ്രമത്തിനിടെ കവർച്ചക്കാർക്കുണ്ടായത് വമ്പൻ നഷ്ടം. ഭോപ്പാലിലാണ് സംഭവം. ഒരു വ്യാപാരിയിൽ നിന്ന് 80,000 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ, കവർച്ചക്കാർക്ക് അവരുടെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന മോട്ടോർസൈക്കിളാണ് ഉപേക്ഷിക്കേണ്ടിവന്നത്. വ്യാഴാഴ്ച രാത്രിയാണ് അയോദ്ധ്യ നഗർ ഏരിയയിൽ സംഭവം നടന്നത്. രാത്രി 11 മണിയോടെ പലചരക്ക് വ്യാപാരിയായ നീരജ് ദിവസങ്ങളായി സ്വരൂപിച്ച പണവുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഒരു സ്വകാര്യ സ്കൂളിന് സമീപം വെച്ച് ബൈക്കിലെത്തിയ മൂന്ന് പേർ ഇയാളുടെ പണം തട്ടിയെടുക്കാൻ ശ്രമിച്ചു. നീരജുമായി കവർച്ചക്കാർ പിടിവലി കൂടുകയും ഇതിനിടെ നീരജിന്‍റെ സ്കൂട്ടർ മറിയുകയും പണമുണ്ടായിരുന്ന ബാഗ് കൈയ്യിൽ നിന്ന് താഴെ വീഴുകയും ചെയ്തു. അക്രമികൾ ബാഗ് കൈക്കലാക്കിയെങ്കിലും ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ സാധിച്ചില്ല.
നീരജിന്‍റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ കവർച്ചക്കാർ പരിഭ്രാന്തരായി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് പോലീസ് പിടിച്ചെടുത്തു. ബൈക്കിന്‍റെ രജിസ്‌ട്രേഷൻ നമ്പർ വഴി കവർച്ചക്കാരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസ് ഉടൻ തന്നെ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.