യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും പിജെ കുര്യൻ..

യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. വിമർശനങ്ങളെ സദുദ്ദേശത്തോടെ കാണണമെന്നും വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പോസിറ്റീവായി പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് നിലപാട് മാറ്റി. സദുദ്ദേശപരമെന്ന് കാണാൻ സൗകര്യമില്ലെന്ന് രാഹുൽ പറഞ്ഞു. ഇത്തരം നിലപാടുകൾ എടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകുമെന്ന് ഓർക്കണം. എസ്എഫ്ഐയെ പുകഴ്ത്തിയെന്ന തെറ്റായ വ്യാഖ്യാനത്തിലൂടെ തനിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ വിമർശിച്ചു.
‘എന്റെ വിമർശനങ്ങളെ അവഗണിക്കുവാനും എതിർക്കുവാനും ആർക്കും അവകാശം ഉണ്ട്. പക്ഷേ ദുരുദ്ദേശപരമാണ് എന്നാരോപിക്കുന്നത് ശരിയാണോ? അങ്ങനെയൊരു ദുരുദ്ദേശപരമായ വിമർശനം നടത്തേണ്ട ആവശ്യം എനിക്കെന്താണ്? ഇപ്പോഴും സ്ഥാനമാനങ്ങൾ മോഹിക്കാതെ കോൺഗ്രസിൽ അടിയുറച്ചു നിൽക്കുന്ന എന്നെ എന്തിന് അധിക്ഷേപിക്കണം’ – എന്നും അദ്ദേഹം ചോദിക്കുന്നു.



