‘ഗാന്ധിയും നെഹ്റുവും യുകെയിൽ പോയല്ലേ പഠിച്ചത്’.. മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ എം.എ ബേബി..

കേരളത്തിന്‍റെ ആരോഗ്യമേഖല മുന്നിട്ടു നിൽക്കുന്നുണ്ടെങ്കിലും ഇവിടെയും പ്രശ്നങ്ങളുണ്ടെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മന്ത്രിമാർ വിദേശത്ത് ചികിത്സതേടുന്നത് സംബന്ധിച്ച ചോദ്യത്തിന്, ഗാന്ധിയും ജവഹർലാൽ നെഹ്റുവും യുകെയിൽ പോയല്ലേ പഠിച്ചതെന്നും ചിലകാര്യങ്ങളെ പർവതീകരിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും ബേബി പറഞ്ഞു.

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാൾ കേരളത്തിലെ ആരോഗ്യമേഖല മുന്നിട്ടുനിൽക്കുന്നുണ്ട്. എങ്കിലും ഇപ്പോഴും ഈ മേഖലയിൽ പ്രശ്നങ്ങളുണ്ടെന്ന് ബേബി സമ്മതിച്ചു. ‘കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും വളരെ മികച്ചതാണ് എന്ന് പറയുമ്പോഴും കേരളത്തിലെ ആരോഗ്യമേഖലയിൽ പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത്. വേണ്ടത്ര വേഗതയിലാണ് നടക്കുന്നുള്ള കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാം. മന്ത്രി രാജിവെക്കേണ്ട യാതൊരു ആവശ്യവുമില്ല’, എം.എ. ബേബി പറഞ്ഞു.

മന്ത്രിമാർ സ്വകാര്യ ആശുപത്രികളിലാണ് പതിവായി ചികിത്സതേടുന്നത്, എന്തുകൊണ്ട് കേരളത്തിലെ പൊതു ആരോഗ്യമേഖലയെ ഉപയോഗപ്പെടുത്തുന്നില്ല എന്ന ചോദ്യത്തിന്, ഏറ്റവും മികച്ച ചികിത്സ ലഭിക്കാൻ സൌകര്യമുണ്ടെങ്കിൽ അത് ഉപയോഗിക്കാനാണ് ഓരോരുത്തരും ശ്രമിക്കുകെന്ന് ബേബി മറുപടി നൽകി. നമ്മുടെ ആയുർവേദ-ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് എത്രയോ പേർ വരുന്നു. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും യുകെയിൽ പോയല്ലേ പഠിച്ചത്. പഠിക്കാൻ കേരളത്തിലെ യൂണിവേഴ്സിറ്റിയിൽ വിദേശത്തെ കുട്ടികളുണ്ട്. കേരളത്തിൽനിന്ന് വിദേശത്തേക്ക് പഠിക്കാൻ പോകുന്നുണ്ട്. കേരളത്തിലേക്ക് വിദേശത്തുനിന്ന് വരുന്നുണ്ട്. ഇതിൽ ഒന്നിനെ എടുത്ത് പർവതീകരിച്ച് ആശയക്കുഴപ്പം ഉണ്ടാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രാധാന്യം മനസ്സിലാക്കി ഉചിതമായ ഭാഷ ഉപയോഗിച്ച് അത് അളന്ന് തൂക്കി ഉപയോഗിക്കാൻ അറിയാവുന്നയാളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് എം.എ. ബേബി പറഞ്ഞു. മൃദുവായി പറയേണ്ടവ മൃദുവായും കടുപ്പിച്ച് പറയേണ്ടവ കടുപ്പിച്ചും പറയും. പിണറായി വിജയന് ആരെയെങ്കിലും പേടിയുണ്ടോ എന്ന ചോദ്യം ചോദിക്കാൻ എങ്ങനെ കഴിഞ്ഞു എന്നതിൽ അത്ഭുതം തോന്നുന്നുവെന്നും എം.എ. ബേബി പറഞ്ഞു. ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി നൽകിയ കത്തുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒരു മനുഷ്യനേയും പേടിക്കാത്തയാളാണ് പിണറായി വിജയൻ. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിയുള്ളൂ. പിണറായിയെ സംബന്ധിച്ചിടത്തോളം അങ്ങനെ ആരേയും പേടിക്കേണ്ട ആവശ്യമില്ല. രാജ്ഭവനുമായി ബന്ധപ്പെട്ടുള്ളത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. നരേന്ദ്ര മോദിയും അമിത് ഷായും കുറേ ഗവർണർമാരെ തുറന്നുവിട്ടിരിക്കുകയാണ്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോയി കുഴപ്പമുണ്ടാക്കാൻ. ഇത് ചർച്ചചെയ്യണമെന്നും എം.എ. ബേബി പറഞ്ഞു.

മെഡിക്കൽ കോളേജിലെ പ്രതിസന്ധി തുറന്നുപറഞ്ഞ് രംഗത്തെത്തിയ ഡോ. ഹാരിസ് ചിറക്കലിനോട് സമതുലിതമായ സമീപനത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ഡോക്ടറുടെ പ്രത്യേകതയും മികവും അംഗീകരിച്ചുകൊണ്ട് ആദരിച്ചുകൊണ്ടാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button