ദേശീയപാത തകർച്ച… നിർമ്മാണത്തിലെ അപാകതകൾ ശ്രദ്ധയിൽപ്പെടുത്താൻ പിണറായി വിജയൻ ദില്ലിയിലേക്ക്..
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ ശ്രദ്ധയിൽപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലേക്ക്. ജൂൺ 4 നാണ് യാത്ര തിരിക്കുക. കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിലെ അപാകത ദേശീയതലത്തിൽ വൻ ചർച്ചയാവുമ്പോഴാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ കാണാൻ പിണറായി വിജയൻ പോകുന്നത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും. കരാറുകാരുടെ അനാസ്ഥയാണ് റോഡ് തകർച്ചക്ക് കാരണമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേടിന് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് എതിരെ കഴിഞ്ഞ ദിവസം മന്ത്രി നിതിൻ ഗഡ്കരി നടപടി എടുത്തിരുന്നു. ദേശീയ പാത അതോറിറ്റി സൈറ്റ് എഞ്ചിനീയറെ പിരിച്ചു വിട്ടു. പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്തു. കെഎൻആർ കൺസ്ട്രക്ഷൻസ്, ഹൈവേ എഞ്ചിനീയറിംഗ് കമ്പനി എന്നിവയ്ക്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നല്കിയിരുന്നു. എൻ എച്ച് 66ലെ 17 ഇടങ്ങളിൽ വിശദ പരിശോധനയ്ക്ക് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ദേശീയ പാത നിർമ്മാണത്തിൽ കരാറുകാർ ക്രമക്കേട് കാണിച്ചുവെന്ന സൂചനയാണ് പാർലമെൻറ് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിൽ ഉദ്യോഗസ്ഥർ നല്കിയത്. കരാർ തുകയെക്കാൾ മുപ്പതും നാല്പതും ശതമാനം കുറച്ചാണ് ഉപകരാറുകൾ നല്കിയത്. ഗുണനിലവാരം കുറഞ്ഞ നിർമ്മാണത്തിന് ഇടയാക്കുന്ന തരത്തിൽ ടെൻഡർ വ്യവസ്ഥകൾ ലംഘിക്കുകയും ചെയ്തു. ഡിസൈനിംഗിൽ വൻ പാളിച്ചയുണ്ടായെന്നും ഗതാഗത സെക്രട്ടറി സമ്മതിച്ചു. കൂരിയാട് റോഡ് ഇടിഞ്ഞു താഴ്ന്നത് ശക്തമായ അടിസ്ഥാനം ഇല്ലാത്തത് കൊണ്ടാണെന്നാണ് ഇക്കാര്യം പഠിച്ച കമ്മിറ്റി കേന്ദ്രത്തെ അറിയിച്ചത്. ഇവിടെ പകരം നിർമ്മാണം കരാർ കമ്പനി സ്വന്തം ചിലവിൽ നടത്തണമെന്നാണ് നിർദ്ദേശം.