ഇഡി വിശ്വാസ്യത കുറഞ്ഞ ഏജൻസിയായി മാറി..സിപിഎം നേതാക്കൾ കളങ്കരഹിത പൊതു ജീവിതത്തിന് ഉടമകളെന്ന് മുഖ്യമന്ത്രി…

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുതിർന്ന സിപിഎം നേതാക്കളെ പ്രതികളാക്കിയ ഇഡി കുറ്റപത്രത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡി വിശ്വാസ്യത കുറഞ്ഞ ഏജൻസിയായി മാറിയെന്നും നിയമ വിധേയമല്ലാത്ത നടപടികളിലേക്ക് കടക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോടതിയിൽ നിന്നടക്കം കടുത്ത വിമർശനങ്ങൾ നേരിടുന്ന ഏജൻസിയാണ് ഇഡി. കേരളത്തിലും ആ രീതിയിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. നാടിന് മുന്നിലുള്ള പ്രതീകങ്ങളെ കേസ് ഉണ്ടാക്കി കളങ്കപ്പെടുത്താൻ ശ്രമം നടക്കുകയാണ്. സിപിഎം നേതാക്കൾ കളങ്കരഹിത പൊതു ജീവിതത്തിന്റെ ഉടമകളാണ്. കേസിനെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സിപിഎമ്മിനേയും തൃശൂരിലെ മുതിർന്ന നേതാക്കളേയും പ്രതികളാക്കിയാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. 180 കോടിയുടെ കളളപ്പണ ഇടപാടാണ് നടന്നതെന്നും കെ രാധാകൃഷ്ണൻ, എ സി മൊയ്തീൻ, എം എം വർഗീസ് തുടങ്ങിയ മുൻ ജില്ലാ സെക്രട്ടറിമാർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. ബാങ്കിലെ അഴിമതിപ്പണത്തിന്‍റെ വിഹിതം പാർട്ടി കണക്കുപറഞ്ഞ് വാങ്ങിയെന്നും അതുപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചെന്നും റിപ്പോ‍ർട്ടിലുണ്ട്.

2011 മുതൽ 2021 വരെയുളള കാലഘട്ടത്തിൽ തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന കളളപ്പണ ഇടപാടാണ്പരിശോധിച്ചത്. ബാങ്കിനെ ഭരണസമിതിയെ നിയന്ത്രിച്ചിരുന്നത് സിപിഎം ജില്ലാ നേതൃത്വമാണ്. ഇവരുടെ അറിവോടും ആശീർവാദത്തോടും കൂടിയാണ് ബാങ്കിലെ കോടികളുടെ ലോൺ തട്ടിപ്പ് നടന്നത്. ഈ കളളപ്പണ ഇടപാടിന്‍റെ വിഹിതം പാർടിയും കൈപ്പറ്റി. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ലഭിച്ച കളളപ്പണം ഈ അക്കൗണ്ടുകളിലൂടെയാണ് വന്നതും പോയതും. ഇതുപയോഗിച്ച് പാർടിക്കായി കെട്ടിടങ്ങൾ പണിതു. ഭൂസ്വത്തുക്കൾ വാങ്ങി. സിപിഎം ജില്ലാ സെക്രട്ടറിമാരായിരുന്ന കെ രാധാകൃഷ്ണൻ എം പി , എ സി മൊയ്ദീൻ, എം എം വർഗീസ് എന്നിവർക്ക് ഇക്കാര്യത്തിൽ അറിവും പങ്കാളിത്തവുമുണ്ടായിരുന്നു. 

ആദായ നികുതി വകുപ്പിന് നൽകിയ കണക്കുകളിൽ ഈ രഹസ്യ അക്കൗണ്ടുകൾ ഒഴിവാക്കി. സിപിഎം ജില്ലാ നേതൃത്വമാണ് കളളപ്പണ ഇടപാടിനുളള രഹസ്യ അക്കൗണ്ടിലെ വരവു പോക്കുകൾ നിയന്ത്രിച്ചിരുന്നത്.  സിപിഎമ്മിന്‍റെ ജില്ലയിലെ മുതിർന്ന നേതാക്കളെ കൂടാതെ ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി  കെ സി പ്രേമരാജൻ , പൊറത്തുശേരി സൗത്ത്  ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബി രാജു, പൊറത്തുശേരി നോർത്ത്  ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ആർ പീതാംബരൻ എന്നിവരേയും പ്രതി ചേർത്തിട്ടുണ്ട്. അന്തിമ കുറ്റപത്രത്തിലെ 27 പ്രതികളടക്കം ആകെ  83 പ്രതികളാണ് കേസിലുൾപ്പെട്ടത്.  കളളപ്പണ ഇടപാടുകൾക്ക് പാർടിയെ മറയാക്കുകയും അതിന്‍റെ  ഗുണം പാർടിക്കുകൂടി ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിപിഎമ്മിനെ അറുപത്തിയെട്ടാം പ്രതിയാക്കിയത്. 

Related Articles

Back to top button