നഷ്ടമായത് കുടുംബത്തിൽ ഒരാളെ… അന്തരിച്ച ശ്രീനിവാസന് അനുശോചനം അറിയിച്ച് സിനിമാ ലോകം. …

എക്കാലത്തെയും മികച്ച എഴുത്തുകാരിൽ, സംവിധായകരിൽ, നടന്മാരിൽ ഒരാൾക്ക് വിടയെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദിയെന്നും പൃഥ്വിരാജ് കുറിച്ചു. തന്റെ ബാല്യകാല സിനിമാ ഓർമ്മകളുടെ ഭാഗമാണ് ശ്രീനിവാസനെന്ന് ഇന്ദ്രജിത്ത് സുകുമാരനും കുറിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു. എല്ലാ ചിരികൾക്കും വിനോദങ്ങൾക്കും നന്ദി എന്ന് കുറിച്ച ഇന്ദ്രജിത്ത് ശ്രീനിവാസനെ മിസ് ചെയ്യുമെന്നും കുറിച്ചു.ശ്രീനിവാസന് അനുശോചനവുമായി സിനിമാ ലോകം
കുടുംബത്തിൽ നിന്ന് ഒരാൾ നഷ്ടമായ വേദനയാണ് അനുഭവപ്പെടുന്നതെന്ന് മല്ലികാ സുകുമാരൻ പറഞ്ഞു. വർത്തമാനത്തിലോ പെരുമാറ്റത്തിലോ അഭിനയത്തിലോ ഇന്നേവരെ നാടകീയതയില്ലാതെ പെരുമാറുന്ന കലാകാരനെ കണ്ടിട്ടില്ല. ജീവിതത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിനറിയില്ല. സത്യസന്ധതയ്ക്കാണ് വിലകൽപ്പിച്ചിരുന്നത്. അദ്ദേഹത്തിന് ആരെയും സുഖിപ്പിച്ച് സംസാരിക്കാനറിയില്ല. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് ആ വിയോഗമെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല. സിനിമയിൽ നിലനിന്നു പോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.



