കേരളത്തിലെ സ്ത്രീകൾക്ക് രക്ഷകർത്താവായി പിണറായി… യുഡിഎഫും ബിജെപിയും രാഷ്ട്രീയ പോക്കറ്റടിക്കാരെന്ന് ബൃന്ദാ കാരാട്ട്

ഈ തിരഞ്ഞെടുപ്പ് നിർണായകമാണെന്നും കേരളത്തിലെ സ്ത്രീകൾക്ക് ഒരു രക്ഷകർത്താവായി മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടെന്നും സിപിഐഎം നേതാവ് ബൃന്ദാ കാരാട്ട്. കാട്ടക്കടയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൻ്റെ ഭാവിയെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിത്.

കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം. കേരളത്തിനൊരു രക്ഷകർത്താവുണ്ട്. അത് പിണറായി വിജയനാണ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാറാണിവിടെ. വികസനം എന്നത് ഭവനരഹിതർക്ക് കൂരയുണ്ടാകുകയെന്നതാണ്. സ്ത്രീകൾക്ക് ഏറ്റവും പരിഗണന ലഭിക്കുന്നത് കേരളത്തിലാണ്. കുടുംബശ്രീ രാജ്യത്തിന് മാതൃകയെന്നും അവർ വ്യക്തമാക്കി.

കേരളം കഴിഞ്ഞ പത്ത് വർഷമായി വർഗീയകലാപമില്ലാത്ത നാട്. നുണകളുമായി ചിലർ വരുന്നു. നുണഫാക്ടറികൾ പലയിടത്തുമുണ്ട്. മോദിയും രാഹുൽഗാന്ധിയും മത്സരിച്ച് നുണ പറയുന്നു. മോദി മാത്രമായിരുന്നു ആദ്യമായി നുണ പറഞ്ഞിരുന്നത്. നീതി ആയോഗിൻ്റെ റിപ്പോർട്ട് മോദി വായിച്ചുനോക്കണം. രാഹുൽ ഗാന്ധിയും രാഷ്ട്രീയ പോക്കറ്റടിക്കാരനായി. എന്നിട്ട് അവരാണ് ചെയ്യുന്നതെന്ന് പറയും. യുഡിഎഫും ബിജെപിയുമാണ് പോക്കറ്റടിക്കാർ. തിരുവനന്തപുരം കോർപറേഷൻ ബിജെപിക്ക് ലഭിച്ചത് ഡീലിലുടെ. 25 വാർഡുകളിൽ യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് നൽകി. രാഹുൽഗാന്ധി ഇതിന് മറുപടി പറയണം. തൃശൂരിലെ യുഡിഎഫിൻ്റെ ഒരു ലക്ഷം വോട്ടെവിടെപ്പോയി എന്നും അവർ ചോദിച്ചു.

ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ‘ബുൾഡോസർ രാജ്’ നടപ്പാക്കുമ്പോൾ കേരളത്തിൽ വീടുകൾ നിർമ്മിച്ച് നൽകുകയാണ് ചെയ്യുന്നത്. കർണാടകയിലും തെലങ്കാനയിലും രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനങ്ങൾ വട്ടപ്പൂജ്യമായി മാറിയെന്നും അവർ കുറ്റപ്പെടുത്തി.

Related Articles

Back to top button