വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം…പിന്നിൽ…
പാലക്കാട് പുതുനഗരത്തെ വീട്ടിൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സഹോദരങ്ങളായ ഷരീഫ്, ഷഹാന എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വീട്ടിൽ മറ്റു സ്ഫോടക വസ്തുക്കൾ കണ്ടെത്തിനായില്ലെന്ന് പൊലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തും.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിൽ താമസിക്കുന്ന ഹക്കീമിൻ്റെ വീട്ടിൽ പൊട്ടിത്തെറിയുണ്ടായത്. സ്ഫോടന ശബ്ദം കേട്ട് നാട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് പരിക്കേറ്റ നിലയിൽ ഹക്കീമിൻ്റെ മരു മകൾ ഷഹാനയേയും, ഷഹാനയുടെ സഹോദരൻ ഷരീഫിനെയും കണ്ടെത്തുന്നത്. ഉടൻ ഇരുവരെയും ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പിന്നാലെ, പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ശരീഫിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.