അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ കെഎസ്ആർടിസി ബസിലിടിച്ചു.. വാൻ ഡ്രൈവർക്ക്..
കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വാനിന്‍റെ ഡ്രൈവർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെ വെള്ളായണി ഊക്കോട് ജങ്ഷന് സമീപത്താണ് അപകടമുണ്ടായത്. കല്ലിയൂർ ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാൻ പെരിങ്ങമ്മലയിലേക്ക് പോയ കെഎസ്ആർടിസി ബസിലിടിച്ചാണ് അപകടമുണ്ടായത്. വാൻ അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് ബസിലിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഡ്രൈവർ വാനിൽ കുടുങ്ങിയതോടെ ഫയർഫോഴസെത്തി പിക്കപ്പ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്. ബസിൽ യാത്രക്കാർ കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ബസിനും പിക്കപ്പ് വാനും കാര്യമായ തകരാറുണ്ടായതോടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങിയതോടെ ഗതാഗത തടസമുണ്ടായി. തിരുവനന്തപുരം യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.