അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷണംപോയ സംഭവം..3 പേർ പിടിയിൽ..20 ഫോണുകൾ….
കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. ഐ ഫോണും ആൻഡ്രോയിഡും ഉൾപ്പടെ 39 ഫോണുകളാണ് കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലെ അലൻ വാക്കർ ഷോയ്ക്കിടെ നഷ്ടപ്പെട്ടത്. പതിനായിരത്തോളം പേര് പങ്കെടുത്ത മെഗാ ഡിജെ ഷോ നടക്കുമ്പോളായിരുന്നു സിനിമാ സ്റ്റൈലിലുള്ള വന്‍ കവര്‍ച്ച നടന്നത്.
കാണികള്‍ക്കിടയിലേക്ക് കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം നുഴഞ്ഞുകയറി. ചടുല താളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്.




