പ്രവർത്തനം ആരംഭിച്ചിട്ട് മൂന്ന് വർഷം…’ചോദിച്ച സംഭാവന നൽകാത്തതിന് പെട്രോൾപമ്പ് പൂട്ടിക്കാൻ ശ്രമം’… സിപിഎം നേതാക്കൾക്കെതിരെ….

സി.പി.എം. പ്രദേശിക നേതാക്കള്‍ നിരന്തരമായി ഭീഷണിപ്പെടുത്തുന്നെന്ന ആരോപണവുമായി പെട്രോള്‍ പമ്പുടമ. ആവശ്യപ്പെട്ട പണം സംഭാവനയായി നല്‍കാത്തതിലെ വിരോധമാണ് ഭീഷണിക്കുകാരണമെന്നും പത്തനംതിട്ട തണ്ണിത്തോട്ടിലെ പെട്രോള്‍ പമ്പുടമ ദീപക് ആരോപിച്ചു. എന്നാല്‍, ആരോപണം സി.പി.എം. നിഷേധിച്ചു.

കോന്നി മണ്ഡലത്തിലെ കിഴക്കന്‍ മേഖലയായ തണ്ണിത്തോട്ടിലെ ഏക പെട്രോള്‍ പമ്പാണ് ദീപകിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം. മൂന്നുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പമ്പ് പൂട്ടിക്കാന്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇക്കാര്യം ആരോപിച്ച് ദീപക് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു.

സി.പി.എം. നേതാക്കളില്‍ ചിലര്‍ വലിയ തുക സംഭാവനയായി ആവശ്യപ്പെട്ടുവെന്ന് ദീപക് പറയുന്നു. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍, അജീഷ്, നിലവിലെ സെക്രട്ടറി കെ.ബി. സുമേഷ് എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് ആരോപണം. പമ്പിലെ പെട്രോളിനും ഡീസലിനും ഗുണമേന്മ കുറവാണെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്നുവെന്ന് ദീപക് ആരോപിച്ചു. പമ്പിന് മുന്നിലെ ഓട റോഡിലേക്ക് ഇറക്കിയാണ് നിര്‍മിക്കുന്നതെന്നും പ്രചരിപ്പിക്കുന്നു. പമ്പിന് മുന്നിലെ ബോര്‍ഡ് നീക്കാന്‍ ഗൂഢാലോചന നടത്തുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നു. ചോദിച്ച പണം നല്‍കാത്തതാണ് ഇത്തരം നീക്കങ്ങള്‍ക്ക് കാരണമെന്നും ദീപക് ആരോപിച്ചു.

ആരോപണം സി.പി.എം. ഏരിയ കമ്മിറ്റി അംഗം പ്രവീണ്‍ നിഷേധിച്ചു. കൂടുതല്‍ പണം ആവശ്യപ്പെട്ടതിന് ദീപക് തെളിവ് ഹാജരാക്കാന്‍ പ്രവീണ്‍ വെല്ലുവിളിച്ചു. 2,500 രൂപയില്‍ കൂടുതല്‍ പമ്പുടമയോട് ചോദിച്ചിട്ടില്ല. പമ്പുടമയുമായി മറ്റ് പ്രശ്‌നങ്ങളില്ല. പലദിവസങ്ങളിലും പമ്പില്‍ പെട്രോളും ഡീസലും ഉണ്ടാവാറില്ല. ഇതിനെതിരെ ആളുകള്‍ സ്വാഭാവികമായി പ്രതികരിക്കാറുണ്ടെന്നും പ്രവീണ്‍ പറഞ്ഞു.

Related Articles

Back to top button