ജയകുമാറിന്‍റേത് ഇരട്ടപ്പദവി.. സര്‍ക്കാര്‍ പദവിയിലിരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി.. അയോഗ്യനാക്കണമെന്ന് ഹർജി…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നിയമിച്ചത് ചോദ്യം ചെയ്ത് ഹര്‍ജി. കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോക് ആണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ പദവിയില്‍ ഇരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐഎംജി ഡയറക്ടര്‍ ആയിരിക്കെയാണ് കെ ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സര്‍ക്കാര്‍ നിയമിച്ചത്. അശോകിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ ജയകുമാറിനും ദേവസ്വം സെക്ട്രടറിക്കും കോടതി നോട്ടീസ് അയച്ചു.
സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ, പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടന്ന് കാർഷികോത്പാദന കമ്മീഷണർ ബി അശോക് നൽകിയ ഹർജിയിൽ പറയുന്നു. എന്നാൽ ഇരട്ട പദവി ചട്ടലംഘനമില്ലെന്നും, ഐഎംജി ഡയറക്ടർ പദവിയിൽ പുതിയ ആൾ വരുന്നതുവരെയാണ് താൻ തുടരുന്നതെന്നും കെ ജയകുമാർ പറഞ്ഞു. ഒരേ സമയം രണ്ടു പ്രതിഫലം പറ്റുന്നില്ലെന്നും, കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും കെ ജയകുമാർ വ്യക്തമാക്കി.



