പെരിയ ഇരട്ടക്കൊല…14-ാം പ്രതി കെ. മണികണ്ഠന് ആറുവർഷത്തേക്ക് വിലക്ക്…
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 14-ാം പ്രതി കെ. മണികണ്ഠന് തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്.
കെ. മണികണ്ഠന് ആറുവർഷത്തേക്കാണ് വിലക്കെന്ന് ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ ആറുവർഷത്തേക്ക് മത്സരിക്കുന്നതിന് മണികണ്ഠനെ അയോഗ്യനാക്കിയ വിധിയിലാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന മണികണ്ഠൻ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻപാകെ കേസ് വിസ്താരം നടക്കുന്ന വേളയിൽ പ്രസിഡന്റ് സ്ഥാനവും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവെച്ചിരുന്നു. രാജിവെച്ചെന്നും അതിനാൽ തുടർനടപടികൾ ഒഴിവാക്കണമെന്നുമുള്ള മണികണ്ഠന്റെ അഭ്യർഥന കമ്മിഷൻ സ്വീകരിച്ചിരുന്നില്ല.
മണികണ്ഠൻ സ്ഥാനത്തില്ലെങ്കിലും വിസ്താരം തുടരുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത കല്പിച്ചുള്ള വിധി പറയുകയുമായിരുന്നു. കോൺഗ്രസ് നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗവും കൊല്ലപ്പെട്ട ശരത്‌ലാലിന്റെ ബന്ധുവുമായ അഡ്വ. എം.കെ. ബാബുരാജാണ് മണികണ്ഠനെതിരേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. സിബിഐ കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ച മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമനുൾപ്പെടെയുള്ള നാലുപേരിലൊരാളാണ് മണികണ്ഠൻ.